ന്യൂഡൽഹി: അസമിൽ പൗരത്വമുള്ളവർക്കു മാത്രമേ വോട്ടവകാശമുണ്ടാകൂ എന്ന് ചൊവ്വാഴ്ച വ്യക്തമാക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് ബുധനാഴ്ച നിലപാട് മയപ്പെടുത്തി. പൗരത്വപ്പട്ടികയിൽ പേരില്ലാതായവർ ഭയക്കേണ്ടതില്ലെന്നും വോട്ടർപട്ടികയിൽ പേരുള്ളവർക്ക് അസമിൽ വോട്ടുചെയ്യാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി. റാവത്ത് അറിയിച്ചു.
പൗരത്വപ്പട്ടികയിൽ പേരില്ലാതായ 40 ലക്ഷത്തിൽപരം അസമീസ് ജനതയിൽ വോട്ടർപട്ടികയിൽ പേരുള്ളവർക്ക് വോട്ടുചെയ്യാമെന്ന് റാവത്ത് വിശദീകരിച്ചു. 2019ലെ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക ജനുവരി നാലിന് പ്രസിദ്ധീകരിക്കുമെന്നും നിലവിലുള്ള വോട്ടർപട്ടികയിൽ േപരുള്ളവർ അതിലും വോട്ടർമാരായിരിക്കുമെന്നും റാവത്ത് തുടർന്നു. ലഭ്യമായ റിപ്പോർട്ടുകളനുസരിച്ച് പ്രായപൂർത്തിയാകാത്ത നിരവധി പേർ പൗരത്വപ്പട്ടികക്ക് പുറത്താണെന്നും അവർ സ്വാഭാവികമായും വോട്ടില്ലാത്തവരാണെന്നും റാവത്ത് പറഞ്ഞു.
അസമിൽ പൗരത്വമുള്ളവർക്കു മാത്രമേ വോട്ടവകാശം അനുവദിക്കൂ എന്നും ഇതിനായി അസമിലെ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറോട് കരട് പൗരത്വപ്പട്ടികയുടെ വിശദാംശം തേടിയിട്ടുണ്ടെന്നുമായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ചൊവ്വാഴ്ച പറഞ്ഞത്. എൻ.ആർ.സിയുടെ അന്തിമ റിപ്പോർട്ടിൽ പേരില്ലാത്തവർക്ക് വോട്ടവകാശമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.