കൊൽക്കത്ത: രാഷ്ട്രീയമായി മത്സരിക്കാൻ കഴിയാത്തവർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് എം. പി അഭിഷേക് ബാനർജി. പശ്ചിമ ബംഗാളിലെ തൊഴിൽ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി അഭിഷേക് ബാനർജി ബുധനാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരായിരുന്നു.
ഡൽഹിയിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ യോഗം നടന്ന ദിവസമായ ബുധനാഴ്ച ഹാജരാകാൻ പറഞ്ഞ കേന്ദ്ര ഏജൻസിയുടെ തീരുമാനത്തെ അദ്ദേഹം ചോദ്യം ചെയ്തു. ഇൻഡ്യ മീറ്റിംഗിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ട് സെപ്റ്റംബർ 12നോ 15നോ ഇ.ഡിക്ക് തന്നെ വിളിക്കാമായിരുന്നു. ഇത് തെളിയിക്കുന്നത് ബി.ജെ.പി തൃണമൂൽ കോൺഗ്രസിനെ ഭയക്കുന്നു എന്നാണെന്നും അഭിഷേക് ബാനർജി പറഞ്ഞു.
ബി.ജെ.പി നേതാക്കൾ പ്രതികളാകുന്ന കേസിൽ എന്തുകൊണ്ടാണ് നടപടി എടുക്കാത്തത് എന്ന് ചോദിച്ചുകൊണ്ട് അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയെ അദ്ദേഹം ചോദ്യം ചെയ്തു. നാരദ കൈക്കൂലിക്കേസിൽ ഏഴ് വർഷമായി സി.ബി.ഐ അന്വേഷണം തുടരുകയാണ്. ബി.ജെ.പിയിൽ ചേർന്നവർക്ക് സമൻസ് ലഭിക്കുന്നില്ല. ഇ.ഡിയും സി.ബി.ഐയും പോലുള്ള കേന്ദ്ര സർക്കാർ ഏജൻസികൾ ആദ്യം കുറ്റവാളികളെ തീരുമാനിച്ചതിന് ശേഷമാണ് കുറ്റകൃത്യം തീരുമാനിക്കുക എന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് വരുമ്പോൾ ബി.ജെ.പി ഉപദ്രവിക്കുകയാണ്. പോരാട്ടത്തിൽ ഐക്യത്തോടെ നിൽക്കാൻ പാർട്ടി അംഗങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു. ഇരട്ട എൻജിൻ സർക്കാർ എന്ന് പറഞ്ഞ് ബി.ജെ.പി രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും അഭിഷേക് ബാനർജി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.