'മദ്യപിച്ചാൽ മരിക്കും'; മദ്യദുരന്ത ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി

പാട്ന: വ്യാജമദ്യം കഴിച്ച് മരിച്ച ആളുകളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള സാധ്യത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തള്ളിക്കളഞ്ഞു. 2016 മുതൽ സംസ്ഥാനത്ത് മദ്യനിരോധനം നിലവിലുള്ളതാണെന്നും ആളുകൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സരൺ ജില്ലയിലെ ഛാപ്ര ടൗണിൽ ഈയടുത്തുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ 30 പേരാണ് മരിച്ചത്. സംഭവത്തിൽ ബി.ജെ.പി നിയമസഭക്കകത്തും പുറത്തും സർക്കാറിനെതിരെ പ്രതിഷേധം നടത്തുകയാണ്. മദ്യ നിരോധനം നടപ്പാക്കുന്നതിൽ സർക്കാർ അശ്രദ്ധ കാണിച്ചു​വെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയുടെ പ്രതിഷേധം.

'മദ്യം കഴിച്ചാൽ മരിക്കും. അതിന് നമുക്ക് മുനിൽ ഉദാഹരണമുണ്ട്' - നിതീഷ് കുമാർ പറഞ്ഞു. മദ്യ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'മദ്യപാനത്തിനെതിരെ സംസ്ഥാനത്ത് വ്യാപകമായ അ​വബോധ ക്ലാസുകൾ നടത്തുന്നുണ്ട്. ബാപ്പുജി പറഞ്ഞത് നിങ്ങൾക്കറിയില്ലേ. ലോകത്താകമാനം നടന്ന ഗവേഷണ ഫലങ്ങളും മദ്യം വിഷമാണെനന് തെളിയിച്ചിട്ടുണ്ട്. നിരവധി ആളുകൾ ഇതുകൊണ്ട് മാത്രം മരിക്കുന്നു. പണ്ടു കാലം മുതൽ തന്നെ ആളുകൾ മദ്യം കഴിച്ച് മരിക്കുന്നു. രാജ്യത്തെമ്പാടും ഇത്തരം ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. നമുക്ക് മദ്യത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാം. പക്ഷേ, ജനങ്ങൾ കൂടുതൽ ജാഗരൂഗരാകണം. മദ്യം നിരോധിച്ചതാണ്. അതിനാൽ അതിൽ ശരിയല്ലാത്ത ചേരുവയുണ്ടെന്ന് മനസിലാക്കണം. നിങ്ങൾ മദ്യപിക്കരുത്. ഭൂരിഭാഗം ജനങ്ങളും മദ്യ നിരോധനത്തെ അംഗീകരിക്കുന്നുണ്ട്. എന്നാൽ ചിലരാണ് അബദ്ധം ചെയ്യുന്നത്. - നിതീഷ് കുമാർ വ്യക്തമാക്കി.

മദ്യ നിരോധനം നിലവിലുള്ള രണ്ട് സംസ്ഥാനങ്ങളിൽ ഒന്നാണ് ബിഹാർ. മറ്റൊന്ന് ഗുജറാത്താണ്. 

Tags:    
News Summary - ​Those who drunk liquor will obviously die -Nitish Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.