'ബി.ജെ.പിയോട് ചേരുന്നവരെല്ലാം രാഷ്ട്രീയമായി നശിച്ചിട്ടേയുള്ളൂ'; മുന്നറിയിപ്പുമായി ശരദ് പവാർ

മുംബൈ: പാർട്ടിയെ പിളർത്തി മറുകണ്ടം ചാടിയ അനന്തരവൻ കൂടിയായ അജിത് പവാറിന് മുന്നറിയിപ്പ് നൽകി എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ. ബി.ജെ.പിയോട് ചേരുന്നവരെല്ലാം രാഷ്ട്രീയമായി നശിച്ചിട്ടേയുള്ളൂവെന്നും അജിത് പവാറിന്‍റെയും വിധി മറിച്ചാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി എം.എൽ.എമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ശരദ് പവാർ.

'ബി.ജെ.പിയോടൊപ്പം ചേരുകയും അധികാരം പങ്കിടുകയും ചെയ്തവരെല്ലാം കാലക്രമേണ രാഷ്ട്രീയമായി നശിച്ചിട്ടുണ്ട്. സഖ്യകക്ഷികളെ ദുർബലപ്പെടുത്തി ശക്തിനേടുകയെന്നത് ബി.ജെ.പിയുടെ നയം തന്നെയാണ്. ഇതിന് എത്രയോ ഉദാഹരണങ്ങളുണ്ട്' -ശരദ് പവാർ പറഞ്ഞു.

'അകാലിദൾ വർഷങ്ങളോളം ബി.ജെ.പിക്ക് ഒപ്പമുണ്ടായിരുന്നു. ഇന്നവർ എവിടെയുമില്ല. തെലങ്കാനയിലും ആന്ധ്രപ്രദേശിലും ബിഹാറിലുമെല്ലാം ഇതേ അവസ്ഥയുണ്ടായി. ബിഹാറിൽ ഇത് തിരിച്ചറിഞ്ഞ മുഖ്യമന്ത്രി നിതീഷ് കുമാർ ബി.ജെ.പി സഖ്യം വിട്ട് ആർ.ജെ.ഡിയുമായി സഖ്യത്തിലായി. ബി.ജെ.പിയുടെ ഈ നയത്തിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും സംഭവിക്കുമെന്ന് പോയവരാരും കരുതേണ്ട.'

അജിത് പവാറിനൊപ്പമുള്ളവർ ബാനറിൽ തന്‍റെ ഫോട്ടോ ഉപയോഗിച്ചതിനെയും ശരദ് പവാർ വിമർശിച്ചു. തന്റെ പ്രത്യയശാസ്ത്രത്തെ വഞ്ചിച്ചവർക്കും ആശയപരമായ അഭിപ്രായവ്യത്യാസമുള്ളവർക്കും തന്റെ ഫോട്ടോ ഉപയോഗിക്കാൻ അധികാരമില്ല. താൻ ദേശീയ അധ്യക്ഷനും ജയന്ത് പാട്ടീൽ സംസ്ഥാന അധ്യക്ഷനുമായ പാർട്ടിക്ക് മാത്രമേ എന്റെ ഫോട്ടോ ഉപയോഗിക്കാൻ കഴിയൂ. തന്റെ ജീവിതകാലത്ത് ഫോട്ടോ ആര് ഉപയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം തനിക്കാണ് -ശരദ് പവാർ പറഞ്ഞു.

ഇന്ന് നടന്ന വിമത എം.എൽ.എമാരുടെ യോഗത്തിൽ ശരദ് പവാറിനെ അജിത് പവാർ രൂക്ഷമായി വിമർശിച്ചിരുന്നു. 83 വയസ്സായിട്ടും നിങ്ങൾക്ക് നിർത്താറായില്ലേയെന്ന് അജിത് പവാർ ചോദിച്ചു. എൻ.സി.പി ദേശീയ അധ്യക്ഷ പദവിയിൽ ശരദ് പവാർ തുടരുന്നതിലെ അതൃപ്തിയാണ് അധ്യക്ഷ പദവി അവകാശപ്പെടുന്ന അജിത് പവാർ പ്രകടിപ്പിച്ചത്.

'ഐ.എ.എസ് ഓഫിസർമാർ 60 വയസ്സിൽ വിരമിക്കുന്നു. രാഷ്ട്രീയത്തിൽ നോക്കൂ, ബി.ജെ.പി നേതാക്കൾ 75 വയസ്സിൽ വിരമിക്കുന്നു. അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും നോക്കൂ. പുതിയ തലമുറ ഉയർന്നുവരാൻ വേണ്ടിയാണ് ഇത്. താങ്കൾക്ക് (ശരദ് പവാറിന്) 83 വയസ്സായി. ഇനിയും നിർത്താൻ പോകുന്നില്ലേ. അങ്ങയുടെ ആശീർവാദം തന്നാൽ ദീർഘായുസ്സിന് വേണ്ടി പ്രാർഥിച്ചുകൊള്ളാം' -അജിത് പവാർ പറഞ്ഞു.

'എന്നെ നിങ്ങൾ എല്ലാക്കാലവും ഒരു വില്ലനായിട്ടാണ് അവതരിപ്പിച്ചത്. എന്നാൽ ഇപ്പോഴും എനിക്ക് നിങ്ങളോട് ബഹുമാനമാണ് -അജിത് പവാർ പറഞ്ഞു.

യഥാർഥ എൻ.സി.പി തങ്ങളാണെന്നും പാർട്ടി ചിഹ്നം ഉപയോഗിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരിക്കുകയാണ് അജിത് പവാർ. അതേസമയം, അജിത് പവാറിനെയും പാർട്ടി പിളർത്തിയ എം.എൽ.എമാരെയും അയോഗ്യരാക്കാനുള്ള നീക്കത്തിലാണ് ഔദ്യോഗിക വിഭാഗം.

Tags:    
News Summary - Those Who Join BJP Get Politically Destroyed': Sharad Pawar Warns Nephew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.