കൊൽക്കത്ത: ബംഗാളിലെ ആർ.ജികാർ മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയതിലെ പ്രതിഷേധം പുതിയ തലത്തിലേക്ക്. കൊലചെയ്യപ്പെട്ട ഡോക്ടർക്ക് നീതി തേടി ‘രാത്രി വീണ്ടെടുക്കൽ’ പ്രതിഷേധവുമായി ഇന്ന് രാത്രി 11 മണിക്ക് ആയിരക്കണക്കിന് ആളുകൾ പശ്ചിമ ബംഗാളിലെ തെരുവുകളിലിറങ്ങും. ‘ഭരണാധികാരിയെ ഉണർത്താൻ’ ആരംഭിക്കുന്ന പ്രകടനത്തിൽ സംഗീതജ്ഞർ, കലാകാരന്മാർ, ചിത്രകാരന്മാർ, അഭിനേതാക്കൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുമെന്ന് സാമൂഹിക പ്രവർത്തകൻ റിംജിം സിൻഹ പറഞ്ഞു.
പ്രകടനത്തിന്റെ ഭാഗമായി വിവിധ കവലകളിലും ക്രോസിംഗുകളിലും റൗണ്ട് എബൗട്ടുകളിലും ആളുകൾ ഒത്തുകൂടും. തെക്കൻ കൊൽക്കത്തയിലെ എസ്.സി മല്ലിക് റോഡിലൂടെ ഗോൾ പാർക്ക് മുതൽ ഗാരിയ വരെ ഒന്നിലധികം റാലികൾ നടക്കും. സോദേപൂരിൽനിന്ന് ബി.ടി റോഡിലൂടെ ശ്യാംബസാറിലേക്ക് പ്രതിഷേധ മാർച്ച് ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സംഘാടകരിലൊരാൾ പറഞ്ഞു. കൊൽക്കത്ത കൂടാതെ, ബരാക്‌പൂർ, ബരാസത്ത്, ബഡ്ജ്ബഡ്ജ്, ബെൽഗാരിയ, അഗർപാര, ഡംഡം, ബാഗുയാറ്റി തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ പ്രകടനങ്ങൾക്ക് പദ്ധതിയിട്ടിട്ടുണ്ട്. ഉച്ച കഴിഞ്ഞ് 44 സ്‌കൂളുകളിലെ പൂർവ വിദ്യാർഥികൾ ദക്ഷിണ കൊൽക്കത്തയിലെ ഗരിയാഹട്ടിൽനിന്ന് റാസ്‌ബെഹാരി അവന്യൂവിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
ഒരു മാസം മുമ്പാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറുടെ മൃതദേഹം വടക്കൻ കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ കണ്ടെത്തിയത്. സംസ്ഥാന മനസാക്ഷിയെ നടുക്കിയ സംഭവത്തിൽ ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 14, സെപ്റ്റംബർ 4 തീയതികളിൽ ‘റീക്ലെയിം ദ നൈറ്റ്’ പ്രകടനം ഇതിനകം നടന്നിരുന്നു. വിവിധ സാമൂഹിക ഗ്രൂപ്പുകളുടെ സമാനമായ നിരവധി പ്രകടനങ്ങളും പകൽ സമയത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.
അതിനിടെ, ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസിലെ സിവിക് വളന്‍റിയർ അറസ്റ്റിലായി. കൊൽക്കത്ത ഹൈകോടതിയുടെ ഉത്തരവിനെ തുടർന്ന് നിലവിൽ സി.ബി.ഐ കേസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.