ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധം വഷളാവുന്നതിനിടെ മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് കുടുംബങ്ങൾ ആശങ്കയിൽ. പഠനം, ജോലി, സ്ഥിരവാസം എന്നിങ്ങനെ പല കാര്യങ്ങളുമായി കാനഡയിൽ കഴിയുന്ന നിരവധി ഇന്ത്യക്കാരുണ്ട്. പ്രശ്നം രൂക്ഷമായാൽ അത് തങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണവർ.
കാനഡയിൽ ഏറ്റവുമധികമുള്ള ഇന്ത്യക്കാർ പഞ്ചാബിൽ നിന്നുള്ളവരാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ പഞ്ചാബിൽ നിന്ന് കാനഡയിലേക്കുള്ള കുടിയേറ്റം തുടങ്ങിയിട്ടുണ്ട്. എട്ടുമാസം മുമ്പ് പഠനത്തിനായി കാനഡയിലേക്ക് പോയ മകളുടെ കാര്യമോർത്ത് സമാധാനമില്ലെന്ന് കപുർത്തലയിൽ കട നടത്തുന്ന ഋഷിപാൽ പറഞ്ഞു. ഇതേ മാനസികാവസ്ഥയിലാണ് ലുധിയാനയിലുള്ള ഗോപാലും. ഗോപാലിന്റെ രണ്ടു മക്കൾ കാനഡയിൽ പഠിക്കുകയാണ്.
ഒന്നര വർഷം മുമ്പ് ജോലിക്കായാണ് ഹോശിയാർപുരിലെ വികാസ് മർവാഹയുടെ മകൻ ടൊറന്റോയിലേക്ക് പോയത്. പുതിയ സംഭവ വികാസങ്ങൾ മകനെ എങ്ങനെ ബാധിക്കുമെന്ന ചിന്ത വിട്ടൊഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കപുർത്തലയിൽ നിന്നുള്ള 75വയസ്സുള്ള മദൻ ലാൽ ശർമയും ഭാര്യയും അഞ്ചു ദിവസം മുമ്പാണ് കാനഡയിൽനിന്ന് തിരിച്ചുവന്നത്. ഇവരുടെ മക്കൾ കാനഡ പൗരന്മാരാണ്. അവർ നാട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനായി വരാനിരിക്കുകയായിരുന്നു. വിസ സേവനം നിർത്തിവെച്ചതോടെ അവർക്കിനി വരാനാകില്ല.
ഇരുരാജ്യങ്ങളും ഉടൻ പ്രശ്നം പരിഹരിക്കുമെന്ന വിശ്വാസത്തിലാണ് ഈ വയോധിക ദമ്പതികൾ. 38 വയസ്സുള്ള അർഷ് പാൽ സിങ്ങും ഭാര്യയും വർക് പെർമിറ്റ് കിട്ടി കാനഡയിലേക്ക് പോകാനിരിക്കുകയാണ്. ഇവർ നാട്ടിലെ ജോലി രാജിവെച്ചിരിക്കുകയാണ്. പ്രതിസന്ധികൾ ഉടൻ തീരുമെന്ന വിശ്വാസത്തിലാണ് ഈ ദമ്പതികളും.
ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നതിൽ ആശങ്ക അറിയിച്ചും തർക്കം രമ്യമായി പരിഹരിക്കണമെന്ന് അഭ്യർഥിച്ചും ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ബാദൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു.
കാനഡയിൽ ലക്ഷക്കണക്കിന് പഞ്ചാബികളുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകുന്നതിൽ അവർ ഭീതിയിലാണെന്നും മന്ത്രിയെ സന്ദർശിച്ചശേഷം സുഖ്ബീർ സിങ് ബാദൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 18 ലക്ഷം ഇന്ത്യക്കാരാണ് കാനഡയിലുള്ളത്. ഇവരിൽ ഭൂരിഭാഗവും പഞ്ചാബികളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.