ജയ്പുർ: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ മുന്നറിയിപ്പുമായി മൂന്ന് കോൺഗ്രസ് എം.എൽ.എമാർ. കഴിഞ്ഞ വർഷം പാർട്ടിയിൽ കലാപമുയർത്തിയ സംഘത്തിലുണ്ടായിരുന്ന മൂന്നു എം.എൽ.എമാരാണ് തങ്ങളെ അവഗണിക്കുകയാണെന്ന പരാതി ഉന്നയിച്ചത്. പട്ടികജാതി, ന്യൂനപക്ഷ വിഭാഗത്തിലുള്ള എം.എൽ.എമാരോട് സംസ്ഥാന സർക്കാർ വിവേചനം കാണിക്കുകയാണെന്ന് ഇവർ കുറ്റപ്പെടുത്തി. ഒരു എം.എൽ.എ രാജിഭീഷണിയും ഉയർത്തി.
തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും നിയമസഭയിൽ മൈക്ക് അനുവദിച്ചില്ലെന്നും മുൻമന്ത്രി രമേഷ് മീണ, മുരാരി ലാൽ മീണ, വേദ്പ്രകാശ് സോളങ്കി എന്നിവർ ആരോപിച്ചു.
ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയെ കാണുമെന്നും പരിഹരിച്ചില്ലെങ്കിൽ രാജിവെക്കാൻ മടിക്കില്ലെന്നും മുരാരി ലാൽ മീണ പറഞ്ഞു. എസ്.സി, എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള എം.എൽ.എമാരുടെ മണ്ഡലങ്ങളിലെ വികസനത്തിന് ബജറ്റുകളിൽ അനുവദിച്ച തുക എത്രയാണെന്ന് പരിശോധിക്കണമെന്ന് രമേഷ് മീണ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തങ്ങളെ സംസാരിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ വികസനത്തിന് ഫണ്ട് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് സച്ചിൻ പൈലറ്റിെൻറ നേതൃത്വത്തിൽ 18 എം.എൽ.എമാർ ഗെഹ്ലോട്ടിനെതിരെ വിമതനീക്കം നടത്തിയത്. ഹൈകമാൻഡ് ഇടപെട്ട് ഇവരെ അനുനയിപ്പിക്കുകയായിരുന്നു. രമേശ് മീണയെ പിന്നീട് മന്ത്രിസ്ഥാനത്തുനിന്ന് നീക്കി.
200 അംഗ സഭയിൽ കോൺഗ്രസിന് 104ഉം ബി.ജെ.പിക്ക് 71ഉം എം.എൽ.എമാരുമാണുള്ളത്. നാല് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. സ്വതന്ത്രർ 13, ആർ.എൽ.പി മൂന്ന്, ബി.ടി.പി രണ്ട്, സി.പി.എം രണ്ട്, ആർ.എൽ.ഡി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.Three Congress MLAs Accuse Gehlot Govt
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.