വില്ലുപുരം: തമിഴ്നാട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ദലിത് വയോധികർക്ക് വിചിത്ര ശിക്ഷ നൽകി പഞ്ചായത്ത്. തമിഴ്നാട്ടിലെ വില്ലുപുരത്താണ് സംഭവം. തിരുമൽ, സന്താനം, അറുമുഖം എന്നിവരാണ് വിചിത്ര ശിക്ഷക്ക് വിധേയരായത്.
ഇവരെ നാട്ടുകൂട്ടത്തിൽ വിളിച്ചുവരുത്തിയ ശേഷം കാലിൽ വീണ് മാപ്പ് ചോദിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പഞ്ചായത്തിലെ ചില അംഗങ്ങളുടെ കാലിൽ വീണ് മാപ്പ് ചോദിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ ജാതി വിവേചനത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നുവരികയായിരുന്നു.
തിരുവെണ്ണയ്നല്ലൂരിലെ ഒറ്റനദാൽ പഞ്ചായത്തിൽ ദലിത് കുടുംബങ്ങൾ ചേർന്ന് മേയ് 12ന് ഒരു പരിപാടി സംഘടിപ്പിക്കാൻ അനുമതി വാങ്ങിയിരുന്നു. വളരെ കുറച്ച് പേർക്ക് പെങ്കടുക്കാൻ മാത്രമായിരുന്നു അനുവാദം. എന്നാൽ പരിപാടി തുടങ്ങിയതോടെ നിരവധി പേർ സ്ഥലത്തേക്കെത്തി. കോവിഡ് 19ന്‍റെ സാഹചര്യത്തിൽ ആളുകൾ കൂട്ടം കൂടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതു മറികടന്ന് ആളുകൾ കൂടിയതോടെ പൊലീസ് സ്ഥലത്തെത്തി കൂട്ടം കൂടിയവരെ പിരിച്ചുവിട്ടു. പരിപാടിയുടെ സംഘാടകരെ സ്റ്റേഷിനിലെത്തിക്കുകയും ചെയ്തു.
സംഭവത്തിൽ മാപ്പ് എഴുതിനൽകി വയോധികരായ സംഘാടകർ ഗ്രാമത്തിൽ തിരിച്ചെത്തുകയും ചെയ്തു. എന്നാൽ മേയ് 14ന് പഞ്ചായത്തിൽ ഹാജരാകാൻ കാണിച്ച് ഇവർക്ക് നോട്ടീസ് നൽകുകയായിരുന്നു. പഞ്ചായത്തിൽ ഹാജരായതോടെ പഞ്ചായത്ത് അംഗങ്ങളുടെ കാലിൽ വീഴണമെന്ന നിർദേശം നൽകുകയായിരുന്നു. പഞ്ചായത്തിന്‍റെ സമ്മതമില്ലാതെ ഗ്രാമത്തിൽ പരിപാടി സംഘടിപ്പിച്ചതിനായിരുന്നു ശിക്ഷ. കാലിൽ വീണതോടെ മാപ്പ് നൽകി മൂവരെയും പറഞ്ഞയച്ചു. സംഭവത്തിൽ എട്ടുപേർക്കെതിരെ കേസെടുത്തതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.