ന്യൂഡൽഹി: കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിക്കെതിരെ സെക്സിസ്റ്റ് പരാമർശവുമായി ബി.ജെ.പി മുൻ എം.പിയും സ്ഥാനാർഥിയുമായ രമേശ് ബിധുരി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ബി.ജെ.പി നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശം. ഡൽഹി തെരഞ്ഞെടുപ്പിൽ കൽക്കാജിയിൽ നിന്നാണ് ബിധുരി മത്സരിക്കുന്നത്. താൻ വിജയിച്ചാൽ കൽക്കാജിയിലെ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകൾ പോലെ മനോഹരമാക്കുമെന്നായിരുന്നു ബിധുരിയുടെ വിവാദ പരാമർശം. വിവാദ പ്രസ്താവനയിൽ ബിധുരി മാപ്പു പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
സ്ത്രീ വിരുദ്ധപാർട്ടിയാണ് ബി.ജെ.പിയെന്നും ഒരു ജനപ്രതിനിധിയിൽ നിന്ന് ഇത്തരത്തിലുള്ള വാക്കുകൾ കേൾക്കുന്നത് ലജ്ജാകരവുമാണെന്നുമായിരുന്നു ഇതിന് കോൺഗ്രസിന്റെ മറുപടി. ഇതാണ് ബി.ജെ.പിയുടെ യഥാർഥ മുഖം ബിധുരിയുടെ വാക്കുകൾ അയാളുടെ മനോനിലയാണ് സൂചിപ്പിക്കുന്നതെന്നും കോൺഗ്രസന്‍വക്താവ് സുപ്രിയ ശ്രീനതെ വിമർശിച്ചു.
ബിധുരിക്കെതിരെ എ.എ.പി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ്ങും രംഗത്തുവന്നു. ''ഇത് ബി.ജെ.പിയുടെ സ്ഥാനാർഥി, അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കൂ...ഇങ്ങനെയാണ് ബി.ജെ.പി സ്ത്രീകളെ ആദരിക്കുന്നത്. ഇത്തരം നേതാക്കളുടെ കൈകളിൽ ഡൽഹിയിലെ സ്ത്രീകളുടെ സുരക്ഷ എങ്ങനെയായിരിക്കും.''-സഞ്ജയ് സിങ് എക്സിൽ കുറിച്ചു.
മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് ബിധുരി പ്രതികരിച്ചത്. മുമ്പൊരിക്കൽ ബിഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെയാക്കുമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞ കാര്യവും ബിധുരി ചൂണ്ടിക്കാട്ടി.
''ഇന്ന് അവർ (കോൺഗ്രസ്) പ്രസ്താവനയിൽ വേദനിക്കുന്നുവെങ്കിൽ, ഹേമാജിയുടെ കാര്യമോ? പ്രശസ്ത നായികയായ അവർ സിനിമകളിലൂടെ ഇന്ത്യയുടെ യശസ്സ് ഉയർത്തിയിട്ടുണ്ട്. ലാലു പറഞ്ഞതും ഇതുതന്നെയല്ലേ''-ബിധുരി ചോദിച്ചു.
ഹേമ മാലിനി സ്ത്രീയല്ലേയെന്നായിരുന്നു പ്രിയങ്കക്കെതിരായ സെക്സിസ്റ്റ് പരാമർശത്തോടുള്ള ബിധുരിയുടെ മറുപടി. മാത്രമല്ല, പ്രിയങ്കയേക്കാൾ ഒരുപടി മുന്നിലാണ് അവരെന്നും ബിധുരി അവകാശപ്പെട്ടു.
കൽക്കാജിയിൽ ഡൽഹി മുഖ്യമന്ത്രി അതിഷിയെ ആണ് ബിധുരി നേരിടുക. ത്രികോണ മത്സരത്തിൽ കോൺഗ്രസിന്റെ അൽക ലാംപയും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.