കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് സംസ്ഥാനങ്ങളിൽ ഭരണം ഉറപ്പിച്ച് ബി.ജെ.പി. ത്രിപുരയിലും നാഗാലാൻഡിലുമാണ് ബി.ജെ.പി ഭരണം ഉറപ്പിച്ചത്. അതേസമയം, മേഘാലയയിൽ ബി.ജെ.പി സഖ്യം ഉപേക്ഷിച്ച് ഒറ്റക്ക് മത്സരിച്ച കോൺറാഡ് സാങ്മയുടെ നാഷനൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) യാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഒറ്റകക്ഷി.
അഗർത്തല: മുൻവിജയം വെറും ജയമല്ലെന്ന് തെളിയിച്ച് ത്രിപുരയിൽ ബി.ജെ.പി ഭരണം നിലനിർത്തി. ഇടതുപാർട്ടികളും കോൺഗ്രസും ഒന്നിച്ചുനിന്ന് പോരാട്ടം കാഴ്ചവെച്ചുവെങ്കിലും 60 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തേക്കാൾ രണ്ടു സീറ്റ് അധികം ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യം നേടി (33 സീറ്റുകൾ). ഇടത്-കോൺഗ്രസ് സഖ്യം 14 സീറ്റു (സി.പി.എം-11, കോൺഗ്രസ് -3) നേടിയപ്പോൾ ഇത്തവണത്തെ വിസ്മയമായ, പ്രദ്യോത് കിഷോർ ദബർമയുടെ ഗോത്രവർഗ പാർട്ടി ടിപ്ര മോത 13 ഇടത്ത് ജയം കണ്ടു.
28 സീറ്റുകളിൽ മത്സരിച്ച തൃണമൂൽ കോൺഗ്രസ്, വോട്ടുവിഹിതത്തിൽ ‘നോട്ട’യേക്കാൾ പിന്നിലെത്തി ‘സംപൂജ്യ’രായി. ഐ.പി.എഫ്.ടി എന്ന തദ്ദേശീയ പാർട്ടിയെ ഒപ്പം നിർത്തി മത്സരിച്ച ബി.ജെ.പി അധികാരം നിലനിർത്തിയെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ രണ്ടു സീറ്റ് കുറഞ്ഞു. 55 ഇടത്ത് മത്സരിച്ച പാർട്ടി 38.97 ശതമാനം വോട്ടു നേടി. കഴിഞ്ഞ വർഷം എട്ടു സീറ്റു നേടിയിരുന്ന സഖ്യകക്ഷി ഐ.പി.എഫ്.ടി ഒരു സീറ്റിലാണ് ഇത്തവണ ജയിച്ചത്.
25 വർഷം ഭരിച്ച് ഭരണം കൈവിട്ട 2018ൽ 16 സീറ്റായിരുന്നു സി.പി.എം നേടിയിരുന്നതെങ്കിൽ ഇത്തവണയത് 11 ആയി ചുരുങ്ങി. 47 സീറ്റിൽ മത്സരിച്ച പാർട്ടിയുടെ വോട്ടുവിഹിതം 24.62 ശതമാനം. ഇടതുസഖ്യത്തിലെ മറ്റു പാർട്ടികളായ ഫോർവേഡ് ബ്ലോക്, സി.പി.ഐ, ആർ.എസ്.പി എന്നിവ അക്കൗണ്ട് തുറന്നില്ല. പതിമൂന്നിടത്ത് മത്സരിച്ച കോൺഗ്രസ് 8.56 ശതമാനം വോട്ടു നേടിയാണ് മൂന്നിടത്ത് ജയിച്ചത്. ത്രികോണ പോരാട്ടം നടന്ന സംസ്ഥാനത്തെ ഗോത്രമേഖലയിൽ ടിപ്ര മോതയുടെ മുന്നേറ്റം മറ്റു രണ്ടു മുന്നണികളെയും ബാധിച്ചു.
പ്രതീക്ഷിച്ച വിജയമാണ് ബി.ജെ.പി നേടിയതെന്നും തങ്ങൾ ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്നും ഫലപ്രഖ്യാപനത്തിനുശേഷം മുഖ്യമന്ത്രി മണിക് സാഹ പ്രതികരിച്ചു. കഴിഞ്ഞവർഷം ബിപ്ലബ് കുമാർ ദേബിനെ മുഖ്യമന്ത്രിപദത്തിൽ നിന്ന് മാറ്റി മണിക് സാഹയെ കൊണ്ടുവന്ന ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം ശരിവെക്കുന്നതായി ത്രിപുര വിജയം.
നാഗാലാൻഡിൽ നെയ്ഫ്യൂ റിയോ വീണ്ടും മുഖ്യമന്ത്രിയാകും
കൊഹിമ: എക്സിറ്റ്പോൾ പ്രവചനം തെറ്റിയില്ല. നാഗാലാൻഡ് നിയമസഭ തെരഞ്ഞെടുപ്പിൽ 37 സീറ്റ് നേടി ഭരണകക്ഷിയായ എൻ.ഡി.പി.പി - ബി.ജെ.പി സഖ്യം വീണ്ടും അധികാരത്തിലേക്ക്. 60 അംഗ നിയമസഭയിൽ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടി (എൻ.ഡി.പി.പി) 25 സീറ്റിലും സഖ്യകക്ഷിയായ ബി.ജെ.പി 12 സീറ്റിലും ജയിച്ചു. എൻ.ഡി.പി.പി 40ഉം ബി.െജ.പി 20ഉം മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഇവരിൽ ഒരു ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
എൻ.ഡി.പി.പി നേതാവ് നെയ്ഫ്യൂ റിയോ വീണ്ടും മുഖ്യമന്ത്രിയാകും. തുടർച്ചയായ അഞ്ചാം തവണയാണ് ഇദ്ദേഹം മുഖ്യമന്ത്രിയാകുന്നത്.
നാഗാലാൻഡിന്റെ ചരിത്രത്തിലാദ്യമായി രണ്ടു വനിതകളും തെരഞ്ഞെടുക്കപ്പെട്ടു. ദിമാപുർ -മൂന്ന് മണ്ഡലത്തിൽനിന്ന് ഹെക്കാനി ജക്കലുവും വെസ്റ്റേൺ അൻഗാമി സീറ്റിൽ സാൽഹുടുനോവുമാണ് ജയിച്ചത്. ഇരുവരും എൻ.ഡി.പി.പി സ്ഥാനാർഥികളാണ്.
ഷില്ലോങ്: മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം കിട്ടാതെ പാർട്ടികൾ. ഭരണകക്ഷിയായ നാഷനൽ പീപ്ൾസ് പാർട്ടി (എൻ.പി.പി) 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കഴിഞ്ഞ തവണ 21 സീറ്റ് നേടിയ കോൺഗ്രസ് അഞ്ചിലേക്ക് നിലംപതിച്ച് നിരാശപ്പെടുത്തി. 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 31 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. സ്ഥാനാർഥി മരിച്ചതിനാൽ സോഹിയോങ് മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. സർക്കാർ രൂപവത്കരിക്കാൻ അവകാശമുന്നയിച്ച് നിലവിലെ മുഖ്യമന്ത്രി കോൺറാഡ് സാങ്മ വെള്ളിയാഴ്ച രാവിലെ ഗവർണർ ഫാഗു ചൗഹാനെ കാണും.
സഖ്യകക്ഷികളായിരുന്നെങ്കിലും എൻ.പി.പിയും ബി.ജെ.പിയും ഒറ്റക്കാണ് മത്സരിച്ചത്. ഇരുപാർട്ടികളും 11 സീറ്റുള്ള യുനൈറ്റഡ് ഡമോക്രാറ്റിക് പാർട്ടി (യു.ഡി.പി)യുമായി ചേർന്നുള്ള മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് (എം.ഡി.എ) വീണ്ടും ഭരണത്തിലെത്താനാണ് സാധ്യത. ബി.ജെ.പി പിന്തുണ നൽകുമെന്ന് എൻ.പി.പിയെ അിയിച്ചു. അമിത് ഷായുമായി എൻ.പി.പി നേതാവും മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ മന്ത്രിസഭ രൂപവത്കരണത്തെകുറിച്ച് ഫോണിൽ സംസാരിച്ചു. യു.ഡി.പി നയം വ്യക്തമാക്കിയിട്ടില്ല.
നേരത്തേ എൻ.പി.പിയുടെയും ബി.ജെ.പിയുടെയും സഖ്യകക്ഷിയായിരുന്ന യുനൈറ്റഡ് ഡമോക്രാറ്റിക് പാർട്ടി (യു.ഡി.പി) 11 ഇടത്ത് ജയിച്ചുകയറി. തൃണമൂൽ കോൺഗ്രസിന് അഞ്ചും വോയ്സ് ഓഫ് ദ പീപ്ൾ പാർട്ടി(വി.പി.പി)ക്ക് നാലും സീറ്റുണ്ട്. കഴിഞ്ഞ വർഷം രണ്ട് സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണയും രണ്ടെണ്ണം കിട്ടി. ഹിൽ സ്റ്റേറ്റ് പീപ്ൾസ് ഡമോക്രാറ്റിക് പാർട്ടിക്കും പീപ്ൾസ് ഡമോക്രാറ്റിക് ഫ്രണ്ടിനും രണ്ട് വീതം സീറ്റും ലഭിച്ചു. രണ്ടിടത്ത് സ്വതന്ത്രർക്കാണ് ജയം.
എൻ.പി.പി നേതാവും മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ 5,016 വോട്ടിന് സൗത്ത് തുറയിൽ ജയിച്ചു. പൈനുർസ്‍ലയിൽ ഉപമുഖ്യമന്ത്രി പ്രസ്റ്റോൺ ടിൻസോങ് 8140 വോട്ടിനാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ മുന്നേറിയ തൃണമൂൽ കോൺഗ്രസിന് പിന്നീട് കുതിപ്പ് നിലനിർത്താനായില്ല. പ്രതിപക്ഷ നേതാവ് മുകുൾ സാങ്മ സോങ്സാക്കിൽ ജയിച്ചപ്പോൾ ടിക്രികിലയിൽ തോറ്റു. പി.സി.സി പ്രസിഡന്റ് എം.പി. വിൻസന്റിന്റെ തോൽവി കോൺഗ്രസിന് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.