ന്യൂഡൽഹി: കോൺഗ്രസ് ബന്ധത്തെ ചൊല്ലി പോളിറ്റ് ബ്യൂറോയിലെ കടുത്ത ആശയ ഭിന്നത കേന്ദ്ര കമ്മിറ്റിക്ക് മുന്നിലും വെളിവാക്കി സി.പി.എം ഉന്നത നേതൃത്വം. അടുത്ത മൂന്നു വർഷത്തേക്കുള്ള രാഷ്ട്രീയ നിലപാട് രൂപവത്കരിക്കുന്നതിനുള്ള മൂന്നു ദിവസത്തെ നിർണായക കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിെൻറയും നേതൃത്വത്തിൽ ഭിന്നത മറനീക്കിയത്.
പി.ബിയുടെ ഒൗദ്യോഗിക നിലപാട് അവതരിപ്പിക്കേണ്ട ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, അതിനോട് വിയോജിപ്പുള്ള ബംഗാൾ ഘടകത്തിെൻറ നിലപാടാണ് അവതരിപ്പിച്ചത്. പ്രകാശ് കാരാട്ടാണ് 22ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിെൻറ രൂപരേഖ അവതരിപ്പിച്ചത്. കേന്ദ്ര കമ്മിറ്റി ഇതിന്മേൽ ചർച്ച ആരംഭിച്ചു. ഏത് നിലപാടിനൊപ്പം സി.സി നിൽക്കുമെന്നത് പി.ബിയിലെ ഇരു വിഭാഗത്തെ സംബന്ധിച്ചും നിർണായകമാണ്. ബി.ജെ.പിയാണ് മുഖ്യശത്രുവെന്ന് അംഗീകരിച്ചിരിക്കെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കേന്ദ്രസർക്കാറിനെ അധികാരത്തിൽനിന്ന് ഇറക്കുകയെന്ന ലക്ഷ്യം സാധ്യമാക്കണമെന്ന് യെച്ചൂരി തെൻറയും ബംഗാൾ ഘടകത്തിെൻറയും നിലപാട് വ്യക്തമാക്കി പറഞ്ഞു.
ഇത് ഭൂരിപക്ഷ പി.ബി നിലപാടിന് വിരുദ്ധമാണ്. പാർട്ടിയുടെ രാഷ്ട്രീയ സമരത്തിെൻറ മുഖ്യദിശ ബി.ജെ.പിക്ക് എതിരാണെങ്കിലും കോൺഗ്രസിനോടുള്ള എതിർപ്പ് തുടരാനാണ് ഒക്ടോബർ രണ്ടിന് ചേർന്ന പി.ബി ഭൂരിപക്ഷ നിലപാടിെൻറ അടിസ്ഥാനത്തിൽ ധാരണയിൽ എത്തിയത്.
കഴിഞ്ഞ 21ാം പാർട്ടി കോൺഗ്രസ് തീരുമാനിച്ചതു പോലെ ഇടതുപക്ഷ െഎക്യവും ശക്തിപ്പെടുത്തുകയും ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കേണ്ടതും ഉണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുേമ്പാൾതന്നെ നിലവിലുള്ള സർക്കാറിനെ പരാജയപ്പെടുത്താൻ മതേതര, ജനാധിപത്യ പാർട്ടികളുടെ െഎക്യം ഉണ്ടാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. അതിനായി എല്ലാ മതനിരപേക്ഷ കക്ഷികളുടെ സഹകരണവും തേടേണ്ടത് ആവശ്യമാണ്. ഇത് ഒരു മുൻവാതിൽ സഖ്യമോ മുന്നണിയോ അല്ലയെന്നും സഹകരണം മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും എടുത്തുപറഞ്ഞു. അതത് കാലത്ത് രാഷ്ട്രീയ സാഹചര്യങ്ങളിൽ വരുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് വേണം രാഷ്ട്രീയ അടവ് നയം രൂപവത്കരിക്കാനെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ബി.ജെ.പിയെന്ന മുഖ്യശത്രുവിനെ തോൽപിക്കാൻ കോൺഗ്രസും പ്രാദേശിക കക്ഷികളുമായും സഖ്യമോ കൂട്ടുകെേട്ടാ ദേശീയ തലത്തിൽ ഉണ്ടാവില്ലെന്നും ഇക്കാര്യത്തിൽ കഴിഞ്ഞ പാർട്ടി കോൺഗ്രസ് നിലപാടാണ് തുടരേണ്ടതെന്നും പി.ബിയുടെ രാഷ്ട്രീയ പ്രമേയത്തിെൻറ കരട് രൂപരേഖ അവതരിപ്പിച്ച് പ്രകാശ് കാരാട്ട് വ്യക്തമാക്കി. ഇടതുപക്ഷ െഎക്യവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കെട്ടിപ്പടുക്കണമെന്ന നിലപാടിൽ ഉറച്ചുനിന്ന് വേണം മുന്നോട്ട് പോകാൻ. ഇടതുപക്ഷ െഎക്യത്തിനുള്ള പോരാട്ടം വിവിധ തലങ്ങളിലുള്ളതാവും. പല രൂപത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ കൂട്ടായ്മകൾ സംസ്ഥാനങ്ങളിൽ ഉയർന്നുവരും. ഇവ അഖിലേന്ത്യ തലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിൽ പങ്ക് വഹിക്കും -കാരാട്ട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.