ബംഗളൂരു: കബനിയിലെ കാടിന്റെ മനോഹര ഫ്രെയിമായി കടുവയും നാലു കുഞ്ഞുങ്ങളും വീണ്ടും കാമറയിൽ പതിഞ്ഞു. ചാമരാജ് നഗർ എച്ച്.ഡി കോട്ടെ കബനി നദിയുടെ തീരത്ത് അന്തർസന്തെയിലാണ് അപൂർവ കാഴ്ചയൊരുങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച നാഗർഹോളെ ടൈഗർ റിസർവിലെ കബനി വനത്തിലെ വനംവകുപ്പിന്റെ ടൂറിസ്റ്റ് സഫാരി യാത്രക്കിടെയാണ് സഞ്ചാരികൾക്കു മുന്നിൽ തള്ളക്കടുവയും നാലു കുഞ്ഞുങ്ങളും പ്രത്യക്ഷപ്പെട്ടത്.
സഞ്ചാരികളുടെ കാമറയിൽ പതിയുവോളം ഫോട്ടോക്ക് പോസ് ചെയ്ത അമ്മക്കടുവയും കുഞ്ഞുങ്ങളും പിന്നീട് പതിയെ കാട്ടിലേക്ക് കയറിപ്പോയി. കഴിഞ്ഞ സെപ്റ്റംബർ 10ന് അന്തർസന്തെ വനം ഡിവിഷനിലെ തന്നെ കാക്കനകോട്ടെ സഫാരി പാതയിൽ രണ്ടു കടുവകളെയും നാലു കുഞ്ഞുങ്ങളെയും കണ്ടിരുന്നു. കഴിഞ്ഞ വർഷം തരക തടയണയുടെ തീരത്ത് കടുവ നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നതായും കബനിയിൽ ആറു മാസം മുമ്പ് ഡി.ബി കുപ്പെ വൈൽഡ് ലൈഫ് റേഞ്ചിൽ മറ്റൊരു കടുവ നാലു കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നതായും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
കബനിയിലും ബന്ദിപ്പൂരിലുമായി ദിനേന കാനന സഫാരിയുണ്ടെങ്കിലും ഇത്തരം കാഴ്ചകൾ അപൂർവമാണ്. ആനയും കാട്ടുപോത്തും മ്ലാവും പുള്ളിമാനുമൊക്കെ സഞ്ചാരികൾക്കു മുന്നിൽ പതിവുകാഴ്ചകളാണ്. എന്നാൽ, പുള്ളിപ്പുലി, കരിമ്പുലി, കടുവ എന്നിവയെ കാണാനാവുന്നത് സഞ്ചാരികളുടെ ഭാഗ്യം പോലെയാണ്.
കബനി തീരത്തെ ഡി.ബി കുപ്പെ റേഞ്ചിലും അന്തർസന്തെ റേഞ്ചിലും അടുത്തിടെ കടുവയെയും കുഞ്ഞുങ്ങളെയും തുടർച്ചയായി കാണുന്നത് കേട്ടറിഞ്ഞ് നാഗർഹോളെയിലെ കാനന സഫാരിക്ക് തിരക്കേറിയിട്ടുണ്ട്.
ഡിസംബർ ഏഴിന് ബന്ദിപ്പൂരിൽ വനംവകുപ്പുകാർ 'സുന്ദരി ' എന്ന് പേരിട്ട കടുവയെയും കുഞ്ഞിനെയും സഞ്ചാരികൾ വനയാത്രക്കിടെ കണ്ടുമുട്ടിയിരുന്നു. മുമ്പ് ബന്ദിപ്പൂരിനോട് ചേർന്നുകിടക്കുന്ന തമിഴ്നാടിന്റെ മുതുമലൈ കടുവ സങ്കേതത്തിലേക്ക് താവളം മാറ്റിയ സുന്ദരിയെ ഏറെ കാലത്തിനുശേഷമാണ് ബന്ദിപ്പൂർ വനമേഖലയിൽ കാണുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രിൻസ് എന്നുപേരുള്ള കടുവയായിരുന്നു ബന്ദിപ്പൂരിൽ മുമ്പ് താരം. പലപ്പോഴും സഞ്ചാരികൾക്ക് കാഴ്ചവിരുന്നായി പ്രത്യക്ഷപ്പെട്ടിരുന്ന പ്രിൻസ് ചത്തുപോയതോടെ സുന്ദരിയാണ് ഇപ്പോൾ ബന്ദിപ്പൂരിൽ സഞ്ചാരികളുടെ മനംകവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.