മുംബൈ: വറുതിക്കും ദുരിതങ്ങൾക്കുമിടയിൽ എങ്ങനെയെങ്കിലും സ്വന്തം നാട്ടിലെത്തിച്ചേരുകയെന്ന ആഗ്രഹവുമായി ഇറങ്ങിത്തിരിച്ച ആ അന്തർ സംസ്ഥാന തൊഴിലാളികളുടെ ദാരുണ മരണം രാജ്യത്തിെൻറയാകെ നൊമ്പരമാവുകയാണ്. മഹാരാഷ്ട്രയിൽനിന്ന് കിലോമീറ്ററുകൾക്കപ്പുറം മധ്യപ്രദേശിലുള്ള വീട്ടിലേക്ക് നടന്നിട്ടെങ്കിലും എത്തിച്ചേരാൻ കൊതിച്ച 15 പേരാണ് റെയിൽവേ ട്രാക്കിൽ ട്രെയിൻ കയറി മരിച്ചത്. വീടണയണമെന്ന നിർധന തൊഴിലാളികളുടെ ആഗ്രഹങ്ങൾക്കുനേരെ പുറംതിരിഞ്ഞുനിൽക്കുന്ന അധികാരികളുടെ കണ്ണുതുറപ്പിക്കാൻ പോന്നതു കൂടിയാണ് ഈ ദാരുണ മരണങ്ങൾ.
കോവിഡ് ബാധയെ തുടർന്ന് പൊടുന്നനെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് മറ്റു പലരെയുംപോലെ ആ അന്തർ സംസ്ഥാന തൊഴിലാളികളും മഹാരാഷ്ട്രയിൽ കുടുങ്ങിയത്. ജോലിയുമില്ലാതായതോടെ ജീവിതം ദുരിതപൂർണമായ അവസ്ഥയിലാണ് നടന്നാണെങ്കിലും നാട്ടിലെത്തുകയെന്ന സാഹസത്തിന് അവർ മുതിർന്നത്. മഹാരാഷ്ട്രയിലെ ജൽനയിൽനിന്ന് സംസ്ഥാനത്തിനകത്തുതന്നെയുള്ള ഭുസാവാളിലേക്കാണ് അവർ ആദ്യം യാത്ര തുടങ്ങിയത്. 157 കിലോമീറ്ററാണ് ഈ രണ്ടു സ്ഥലങ്ങൾക്കിടയിലുള്ള ദൂരം. അവിടുന്ന് സ്വദേശമായ മധ്യപ്രദേശിലെ ഉമാരിയ, ഷാദോൽ എന്നീ സ്ഥലങ്ങളിലേക്ക് ഏതുവിധേനയെങ്കിലും എത്തിച്ചേരുകയായിരുന്നു തൊഴിലാളികളുടെ ഉദ്ദേശ്യം. ഏകദേശം 850 കിലോമീറ്റർ ദൂരമാണ് ജൽനയിൽനിന്ന് മധ്യപ്രദേശിലെ അവരുടെ ഗ്രാമങ്ങളിലേക്കുള്ളത്.
വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ജൽനയിൽനിന്ന് അവർ നടത്തം തുടങ്ങിയത്. ആദ്യം റോഡിലൂടെ നടന്ന അവർ പിന്നീടത് റെയിൽവേ ട്രാക്കിലൂടെയാക്കി. 36 കിലോമീറ്റിലധികം ദൂരം പിന്നിട്ടതോടെ ക്ഷീണിതരായ തൊഴിലാളികൾ അൽപം വിശ്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. കർണാഡ്, ബദ്നാപൂർ റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള ട്രാക്കിലായിരുന്നു അവരേപ്പാൾ. ക്ഷീണിതരായി ട്രാക്കിലിരുന്ന തൊഴിലാളികൾ വൈകാതെ ഉറക്കത്തിലേക്ക് വഴുതിവീണു.
ഉറങ്ങിക്കൊണ്ടിരുന്ന തൊഴിലാളികൾക്കുമേൽ പുലർച്ചെ 5.22നാണ് ആ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറിയത്. ഗാഢനിദ്രയിലായതിനാൽ ട്രെയിൻ വരുന്ന ശബ്ദം കേട്ട് ഞെട്ടിയുണരാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. തൊട്ടുമുന്നിലെത്തിയപ്പോഴാണ് തൊഴിലാളികൾ ട്രാക്കിൽ കിടക്കുന്നത് കണ്ടതെന്നും എന്നാൽ, പെട്ടെന്ന് നിർത്താൻ കഴിഞ്ഞില്ലെന്നും ഡ്രൈവർ പറഞ്ഞതായി റെയിൽവേ മന്ത്രാലയം വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.