ചെന്നൈ: മിശ്രവിവാഹം നടത്തിയതിന് പെൺകുട്ടിയുടെ വീട്ടുകാർ സംഘം ചേർന്ന് തിരുനെൽവേലി സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു. കേസിൽ 13 പേർ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
പട്ടികജാതി വിഭാഗമായ അരുന്ധതിയാർ സമുദായത്തിൽപ്പെട്ട തിരുനെൽവേലി പാളയംകോട്ട നമ്പിക്കൈ നഗർ മദൻ (28), മേൽജാതിയായ വെള്ളാളർ സമുദായത്തിലെ പെരുമാൾപുരം മുരുകവേലിന്റെ മകൾ ഉദയ ദാക്ഷായണി(23) എന്നിവരുടെ വിവാഹമാണ് റെഡിയാർപട്ടി റോഡിലെ സി.പി.എം ഓഫിസിൽ നടത്തിയത്. ഇരുവരും കുറെക്കാലമായി പ്രണയത്തിലായിരുന്നു.
വിവാഹത്തിന് പെൺകുട്ടിയുടെ വീട്ടുകാർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടെ ഇരുവരും ഒളിച്ചോടി സി.പി.എം ഓഫിസിൽ അഭയം പ്രാപിച്ചു. ഇതറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാരും വെള്ളാള മുന്നേറ്റ കഴകം സംഘടനയിൽപ്പെട്ട പ്രവർത്തകരും ഉൾപ്പെടെ മുപ്പതുപേർ പാർട്ടി ഓഫിസിൽ അതിക്രമിച്ചുകയറി അടിച്ചുതകർക്കുകയായിരുന്നു.
അതേസമയം, മിശ്ര വിവാഹങ്ങൾക്കായി സി.പി.എം ഓഫിസുകൾ എപ്പോഴും തുറന്നിടുമെന്ന് പാർട്ടി തിരുനെൽവേലി ജില്ല സെക്രട്ടറി ശ്രീറാം അറിയിച്ചു. മിശ്ര വിവാഹം നടത്തിയതിന് പാർട്ടി ഓഫിസ് അടിച്ചുതകർക്കപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.