ചെന്നൈ: തിരുനെല്‍വേലിയില്‍ കുടുംബം കൂട്ട ആത്മഹത്യചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയേയും കലക്ടറെയും പൊലീസ് കമീഷണറെയും വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റ് ജി. ബാലക്ക് തിരുനെല്‍വേലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്ന് ജാമ്യം അനുവദിച്ചു. അപകീര്‍ത്തിപ്പെടുത്തുന്നതും അശ്ലീലം കലര്‍ന്നതുമായ കലാസൃഷ്ടി പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് കലക്ടർ നൽകിയ പരാതിയിൽ ഐ.ടി ആക്ട് പ്രകാരം കഴിഞ്ഞ ദിവസമാണ് ബാലയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് െചയ്യാനായി കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്ട്രേറ്റ് എം. രാമദാസ് ജാമ്യം നൽകുകയായിരുന്നു.
ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് കലക്ടറേറ്റിന് മുന്നില്‍ രണ്ട് കുട്ടികളടക്കം നാലംഗ കുടുംബം തീകൊളുത്തി ആത്മഹത്യചെയ്ത സംഭവത്തില്‍ അധികാരികള്‍ മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ചായിരുന്നു കാർട്ടൂൺ. തീപൊള്ളലേറ്റ് ഒരു കുഞ്ഞ് നിലത്ത് കിടക്കുമ്പോള്‍ നോട്ടുകെട്ടുകള്‍ കൊണ്ട് നാണം മറയ്ക്കുന്ന മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും കലക്ടർ സന്ദീപ് നന്തൂരിയും തിരുനെൽവേലി കമീഷണർ കപിൽ കുമാർ സരത്കാറും ആണ് കാര്‍ട്ടൂണില്‍ വിഷയമായിരുന്നത്.
കുട്ടിയുടെ ജീവന് വിലനല്‍കാതെ പണത്തിനു പുറകെ പോകുന്ന ഉദ്യോഗസ്ഥ അധികാരകേന്ദ്രങ്ങളെ കണക്കറ്റ് വിമര്‍ശിക്കുന്ന ചിത്രീകരണം സമൂഹ മാധ്യമങ്ങളിൽ വൈറലായി. സ്വതന്ത്ര കാർട്ടൂണിസ്റ്റായ ബാല കാർട്ടൂൺ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വര തുടരുമെന്നും അറസ്റ്റ്കൊണ്ട് വിമർശനങ്ങളെ തടയാനാകില്ലെന്നും ബാല പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.