ന്യൂഡൽഹി: കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ ശനിയാഴ്ച ഡൽഹിയിൽ കച്ചേരി നടത്തും. ഡൽഹി എ.എ.പി സർക്കാറാണ് പരിപാടിക്കായി വേദി നൽകിയത്. ഇക്കാര്യം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഡൽഹിയിലെ സാകേതിൽ സൈദുൽ അജൈബ് വില്ലേജിലാണ് പരിപാടി നടക്കുക.
കലാകാരന് അവസരം നിഷേധിക്കരുത്. നാളെ ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി കച്ചേരി നടത്തുവാൻ കൃഷ്ണയെ ക്ഷണിച്ചിട്ടുണ്ട്. കലാകാരുടെ മാഹാത്മ്യം നാം കാത്ത് സൂക്ഷിക്കണമെന്നും സിസോദിയ ട്വീറ്റ് ചെയ്തു.
സംഘ്പരിവാർ കേന്ദ്രങ്ങൾ വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടതോടെ നാളെ നടക്കാനിരുന്ന കൃഷ്ണയുടെ കച്ചേരി എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ ഉപേക്ഷിച്ചിരുന്നു. ദേശവിരുദ്ധൻ, അർബൻ നക്സൽ, ജീസസിനും അല്ലാഹുവിനും വേണ്ടി പാടുന്നവൻ തുടങ്ങിയ വാദങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ സംഘ്പരിവാർ പ്രചരിപ്പിച്ചു. ഇതേത്തുടർന്ന് നവംബര്‍ 17, 18 തീയതികളിലായി ഡൽഹി ചാണക്യപുരിയിൽ നടത്താനിരുന്ന സംഗീത, നൃത്ത പരിപാടിയിൽനിന്നും ടി.എം. കൃഷ്ണയുടെ കച്ചേരി എയർപോർട്ട് അതോറിറ്റി ഒഴിവാക്കുകയായിരുന്നു.
എന്നാൽ ഇത്തരം ഭീഷണിക്ക് വഴങ്ങരുതെന്നും തനിക്ക് ആരെങ്കിലും വേദി സംഘടിപ്പിച്ച് നൽകിയാൽ പരിപാടി അവതരിപ്പിക്കാൻ തയാറാണെന്നും കൃഷ്ണ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.