എക്സിലെ 'സംഘി പ്രിൻസ്', പ്രചരിപ്പിക്കുന്നത് വ്യാജ വാർത്ത; തമിഴ്നാട്ടിൽ ബി.ജെ.പി നേതാവിനെതിരെ കേസ്

ചെന്നൈ: ലോക്സഭയിൽ യുവാക്കൾ അതിക്രമം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് തമിഴ്നാട്ടിൽ ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പിയുടെ സമൂഹമാധ്യമ പ്രചാരണ ചുമതലയുള്ള പ്രവീൺരാജ് എന്നയാൾക്കെതിരെയാണ് ട്രിച്ചി സൈബർ ക്രൈം പൊലീസ് കേസെടുത്തത്. അഭിഭാഷകന്‍റെ പരാതിയിലാണ് കേസ്.

'സംഘി പ്രിൻസ്' എന്ന എക്സ് പ്രൊഫൈലിലൂടെയാണ് ഇയാളുടെ പ്രചാരണം. ഡിസംബർ 13ന് നടന്ന പാർലമെന്‍റ് അതിക്രമത്തിൽ ധർമപുരിയിൽ നിന്നുള്ള ഡി.എം.കെ എം.പി ഡോ. സെന്തിൽ കുമാറിന് പങ്കുണ്ടെന്നായിരുന്നു പ്രവീൺരാജ് പോസ്റ്റ് ചെയ്തത്. അതിക്രമം നടത്തിയവർക്ക് പാർലമെന്‍റിനകത്ത് കയറാൻ പാസ്സ് നൽകിയത് ഡോ. സെന്തിൽ കുമാറാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. എം.പി സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

എന്നാൽ, കർണാടകയിലെ മൈസൂരിവിൽ നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹയാണ് അക്രമികൾക്ക് ലോ​ക്സ​ഭാ സ​ന്ദ​ർ​ശ​ക പാ​സ് നൽകിയതെന്ന് പിന്നീട് തെളിഞ്ഞു. ഇതോടെ പ്രവീൺ രാജിന് നുണപ്രചാരണം അവസാനിപ്പിച്ച് പോസ്റ്റ് പിൻവലിക്കേണ്ടിവന്നു.

 

ആരോഗ്യദാസ് എന്ന അഭിഭാഷകനാണ് വ്യാജപ്രചാരണത്തിനെതിരെ പരാതിപ്പെട്ടത്. തുടർന്ന് ഐ.പി.സിയിലെയും ഐ.ടി നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. പ്രവീൺരാജ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

മുമ്പും വ്യാജപ്രചാരണങ്ങളിലൂടെ കുപ്രസിദ്ധനാണ് പ്രവീൺ രാജ്. ഒക്ടോബറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - TN BJP functionary booked for spreading fake news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.