രാമനാഥപുരം: തമിഴ്നാട്ടിലെ കീളത്തൂവൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച കോളജ് വിദ്യാർഥി സംശയാസ്പദമായ സാഹചര്യത്തിൽ വീട്ടിൽ മരിച്ചനിലയിൽ. കീളത്തൂവൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച് മണിക്കൂറുകൾക്കകമാണ് 20 കാരന്‍റെ മരണം. ഞായറാഴ്ചയാണ് സംഭവം.
നീർകൊഴിനേന്തൽ ഗ്രാമത്തിൽ താമസിക്കുന്ന എൽ. മണികണ്ഠനെന്ന അവസാന വർഷ ബിരുദ വിദ്യാർഥിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി മണികണ്ഠനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ബൈക്കുകൾ പട്രോളിങ്ങിനിടെ പൊലീസ് തടഞ്ഞിരുന്നു. സുഹൃത്തുക്കൾ ബൈക്ക് നിർത്തിയെങ്കിലും മണികണ്ഠൻ ഓടിച്ചിരുന്ന ബൈക്ക് നിർത്താതെ പോയി.
തുടർന്ന് പൊലീസ് ബൈക്ക് പിന്തുടരുകയും മണികണ്ഠനെ പിടികൂടുകയും ചോദ്യം ചെയ്യാനായി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം മണികണ്ഠന്റെ അമ്മയെയും സഹോദരനെയും വിളിച്ചുവരുത്തുകയും മൂവരെയും വീട്ടിലേക്ക് പറഞ്ഞയക്കുകയുമായിരുന്നു.
എന്നാൽ, ഞായറാഴ്ച വെളുപ്പിന് രാവിലെ 3.30ഓടെ ദുരൂഹസാഹചര്യത്തിൽ മണികണ്ഠനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മുതുക്കുളത്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്‍റെ പീഡനമാണ് വിദ്യാർഥിയുടെ മരണകാരണമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ആശുപത്രിക്ക് മുമ്പിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം നടത്തുകയും പൊലീസിനെതിരെ അന്വേഷണം നടത്തി കുടുംബത്തിന് ധനസഹായം നൽകാണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
പൊലീസുമായി നടത്തിയ ചർച്ചയെ തുടർന്ന് കുടുംബാംഗങ്ങൾ പ്രതിഷേധം അവസാനിപ്പിക്കുകയും മൃതദേഹം ഏറ്റുവാങ്ങുകയും ചെയ്തു. പാമ്പുകടിയേറ്റാകാം വിദ്യാർഥി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
'കീളത്തൂവൽ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ മണികണ്ഠനെ ചോദ്യം ചെയ്യുന്നത് കാണാം. എന്നാൽ പൊലീസ് ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ല. രാത്രി എട്ടരയോടെ വീട്ടിൽ പറഞ്ഞയക്കുകയും ചെയ്തു' -പൊലീസ് സൂപ്രണ്ട് ഇ. കാർത്തിക് പറഞ്ഞു.
പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ യുവാവിൻറെ ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെയോ മറ്റോ പാടുകളില്ല. ആന്തരികാവയങ്ങളുടെ പരിശോധനയിലേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.