ഷിരൂർ: കർണാടകയിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഗംഗാവാലി നദിയിൽ കണ്ടെത്തിയ ലോറി അർജുന്‍റേതാണെന്നാണ് നിഗമനം. ഇത് കേന്ദ്രീകരിച്ചാണ് വൈകീട്ടോടെ രക്ഷാപ്രവർത്തനം നടന്നിരുന്നത്. എന്നാൽ, പ്രദേശത്തെ കനത്ത മഴയും നദിയിലെ കുത്തൊഴുക്കും കാരണം നാവികസേനയുടെ ഡൈവർമാർക്ക് തിരികെ കയറേണ്ടിവന്നു. തുടർന്നാണ് ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. തിരച്ചിൽ നാളെ തുടരും.
കരയിൽ നിന്നും 40 മീറ്റർ അകലെയായാണ് നദിയിൽ ലോറിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. നദിയിൽ കണ്ടെത്തിയ ലോറി അർജുൻ ഓടിച്ചത് തന്നെയാണെന്ന് കർണാടക പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. ലോറിയുള്ളത് ചെളി നിറഞ്ഞ ഭാഗത്താണെന്നും രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും നാവികസേനാ സംഘം അറിയിച്ചിരുന്നു.
ദുരന്തത്തിൽ മരിച്ച ഏതാനും പേരുടെ മൃതദേഹം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു. കൂടുതൽ പേരെ കണ്ടെത്താനായി കോസ്റ്റ് ഗാർഡ് തിരച്ചിൽ നടത്തും. ഇക്കഴിഞ്ഞ 16നാണ് പനവേൽ-കന്യാകുമാരി ദേശീയപാത 66ൽ ഉത്തര കന്നട ജില്ലയിലെ അങ്കോളയിൽ മണ്ണിടിച്ചിലുണ്ടായത്. ഡ്രൈവർമാർ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ലോറി നിർത്തുന്ന മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ 12ഓളം പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.