നിർമല സീതാരാമന് മറുപടിയുമായി തമിഴ്നാട് സർക്കാർ; വ്യാജ വാർത്ത നൽകിയ പത്രത്തിനെതിരെ നിയമനടപടിയെടുക്കുമെന്നും പ്രതികരണം

ചെന്നൈ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ ലൈവ് ടെലികാസ്റ്റിന് തമിഴ്നാട്ടിൽ അനുമതി നൽകുന്നില്ലെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനക്ക് ശക്തമായ മറുപടിയുമായി സംസ്ഥാന സർക്കാർ. ദിനമലർ പത്രത്തിലെ വാർത്തയുടെ ചിത്രങ്ങൾ കൂടി പങ്കുവെച്ചാണ് നിർമല കഴിഞ്ഞ ദിവസം എക്സിലൂടെ ആരോപണം ഉന്നയിച്ചത്. രാമക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്താനോ അന്നദാനത്തിനോ സർക്കാർ അനുമതി നൽകുന്നില്ലെന്നും ധനമന്ത്രി ആരോപിച്ചിരുന്നു. ഇക്കാര്യത്തിലാണ് തമിഴ്നാട് സർക്കാറിന്റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.

പത്രത്തിൽ വന്ന വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കിയ ഡി.എം.കെ സർക്കാർ തങ്ങളെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നതെന്നും പറഞ്ഞു. വ്യാജ വാർത്ത പ്രചരിപ്പിച്ച ദിനമലറിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിന്റെ തത്സമയ സംപ്രേഷണം സ്റ്റാലിൻ സർക്കാർ നിരോധിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ക്ഷേത്രങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പരിപാടികൾ നടത്താൻ പൊലീസ് അനുമതി നൽകുന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞിരുന്നു.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യുന്നതിൽ നിന്നും ആളുകളെ സ്റ്റാലിൻ സർക്കാർ തടയുകയാണ്. തമിഴ്നാട്ടിൽ 200ഓളം രാമക്ഷേത്രങ്ങളുണ്ട്. എന്നാൽ, ഈ ക്ഷേത്രങ്ങളിൽ പൂജയോ പ്രസാദ വിതരണമോ അന്നദാനമോ നടത്താൻ അനുവദിക്കുന്നില്ല. ക്ഷേത്രങ്ങൾ സ്വകാര്യമായി പരിപാടികൾ സംഘടിപ്പിക്കുന്നതിനേയും തമിഴ്നാട് സർക്കാർ എതിർക്കുകയാണെന്ന് നിർമല സീതാരാമൻ പറഞ്ഞിരുന്നു.

അനൗദ്യോഗികമായി തമിഴ്നാട് സർക്കാർ പറയുന്നത് ക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് തത്സമയം പ്രദർശിപ്പിച്ചാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നാണ്. എന്നാൽ, ബാബരി കേസിന്റെ വിധി വന്നപ്പോൾ തമിഴ്നാട്ടിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടായില്ല. പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോഴും തമിഴ്നാട്ടിൽ പ്രശ്നമുണ്ടായില്ല. തമിഴ്നാട്ടിലെ ഡി.എം.കെ സർക്കാർ ഹിന്ദുവിരുദ്ധമായി മാറിയെന്നും നിർമല സീതാരാമൻ ആരോപിച്ചിരുന്നു.

Tags:    
News Summary - TN's DMK Government Strongly Rebuts Finance Minister Nirmala Sitharaman’s Posts on Temples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.