ന്യൂഡൽഹി: മിനിമം താങ്ങുവിലയ്ക്ക് നിയമപ്രാബല്യം നൽകുന്നത് പഠിക്കാനുള്ള സമിതിയെ ഉടൻ നിയോഗിക്കുമെന്ന് കേന്ദ്ര സർക്കാർ. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ശേഷം സമിതിയെ വെക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ രാജ്യസഭയിൽ പറഞ്ഞു.
സമരം പിൻവലിച്ച കർഷകരെ വഞ്ചിച്ച ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള അഭ്യർഥനയുമായി ഉത്തർപ്രദേശിൽ വോട്ടർമാരെ സമീപിക്കാൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചതിനു പിറകെയാണ് കേന്ദ്ര തീരുമാനം. കർഷക സമരം പിൻവലിക്കാൻ കർഷകർ മുന്നോട്ടുവെച്ച പ്രധാന ഉപാധികളിലൊന്നായ ഇത് കഴിഞ്ഞ നവംബറിൽ കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു.
ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടിയെങ്കിലും അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞേ സമിതി ഉണ്ടാക്കാൻ പറ്റൂ എന്നാണ് കമീഷൻ നൽകിയ മറുപടിയെന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ വിഷയത്തിലെ പ്രഖ്യാപനത്തോട് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി തുടർന്നു.
അതേസമയം മിനിമം താങ്ങുവിലയ്ക്ക് നിയമപ്രാബല്യം നൽകാൻ സർക്കാർ ബിൽ കൊണ്ടുവരുമോ എന്ന ചോദ്യത്തിനും തെരഞ്ഞെടുപ്പിനു ശേഷം ഇത് പഠിക്കാൻ സമിതിയുണ്ടാക്കുമെന്ന മറുപടിയാണ് മന്ത്രി നൽകിയത്. ഉത്തർപ്രദേശിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന അഭ്യർഥനയുമായി ഗ്രാമങ്ങളിൽ ഗൃഹ സമ്പർക്ക പരിപാടി നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ വ്യാഴാഴ്ച ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു. 'കർഷക വിരോധി ബി.ജെ.പിയെ ശിക്ഷിക്കുക' എന്ന പേരിൽ ഇറക്കിയ ലഘുലേഖയുടെ പ്രകാശനവും ചടങ്ങിൽ നടന്നിരുന്നു.
വോട്ട് ചോദിച്ചു വരുന്ന ബി.ജെ.പി നേതാക്കളോട് ചോദിക്കാനുള്ള ചോദ്യങ്ങൾ അടങ്ങുന്ന ഈ ലഘുലേഖ ഗ്രാമങ്ങളിലെത്തിച്ച് കഴിഞ്ഞുവെന്ന് രാകേഷ് ടികായത്ത് പറഞ്ഞിരുന്നു. ഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന വാർത്തസമ്മേളനത്തിൽ ഡോ. ദർശൻ പാൽ, ഹന്നാൻ മൊല്ല, ജഗ്ജിത് സിങ് ദലിവാൾ, ജോഗീന്ദർ സിങ് ഉഗ്രഹാൻ, ശിവ്കുമാർ ശർമ, യുദ്ധവീർ സിങ്, യോഗേന്ദ്ര യാദവ് എന്നീ നേതാക്കൾ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.