മുംബൈ: ഇന്ത്യൻ രാഷ്ട്രീയത്തിലെ മറാത്ത കരുത്തായ എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന് തിങ്കളാഴ്ച 82ാം പിറന്നാൾ. രാഷ്ട്രീയ രംഗത്ത് 55 വർഷം പിന്നിടുകയുമാണ്. കേന്ദ്രത്തിൽ പ്രതിരോധ, കൃഷി വകുപ്പുകളുടെ മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റ് തുടങ്ങിയ പല സുപ്രധാന പദവികളിലും തിളങ്ങിയ ചരിത്രമാണ് പവാറിന്റേത്. 2019 ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിക്ക് അധികാരം കിട്ടുന്നത് തടയാൻ ഉണ്ടായ മഹാ വികാസ് അഗാഡി കൂട്ടുകെട്ടിന്റെ തലച്ചോറും ഇദ്ദേഹമാണ്.
അമ്മയടക്കമുള്ള കുടുംബാംഗങ്ങൾക്ക് ഇടതുപക്ഷ ചായ്വായിരുന്നിട്ടും യൂത്ത് കോൺഗ്രസിലൂടെയാണ് പവാറിന്റെ രാഷ്ട്രീയ കളരിക്ക് തുടക്കം. 27ാം വയസ്സിൽ ബാരാമതിയിൽ നിന്ന് എം.എൽ.എയും 38ാം വയസ്സിൽ മുഖ്യമന്ത്രിയുമായത് ചരിത്രം.
മഹാരാഷ്ട്രയിൽ സർക്കാറിനെ മറിച്ചിട്ട ആദ്യ വിമതൻ എന്ന പേരുമുണ്ട്. 1999 ൽ സോണിയ ഗാന്ധിയുടെ വിദേശ പൗരത്വത്തിന്റെ പേരിൽ കോൺഗ്രസ് വിട്ടാണ് എൻ.സി.പിക്ക് പവാർ രൂപം നൽകിയത്. 2017 ൽ പത്മ വിഭൂഷൺ നൽകി രാജ്യം ആദരിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഹോദര പുത്രനും ബാരാമതി എം.പി സുപ്രിയ സുലെ മകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.