ഇന്നാണ് ആ തെരഞ്ഞെടുപ്പ്; ഇനിയുള്ള രണ്ട് ദിവസത്തിനിടെ കോൺഗ്രസ് പാർട്ടിയിൽ സംഭവിക്കുന്നതിതാണ്

വാദങ്ങളും പ്രതിവാദങ്ങളും നിറഞ്ഞ പ്രചരണ കോലാഹലങ്ങൾക്കൊടുവിൽ കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ പ്രതിനിധികൾ ഇന്ന് വോട്ടു ചെയ്യും. 9308 പ്രതിനിധികൾക്കാണ് വോട്ടുള്ളത്.

രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് വോട്ടു ചെയ്യൽ. രാജ്യത്താകെയായി 65 പോളിങ് ബൂത്തുകളാണുള്ളത്. ഡൽഹിയിലെയും വിവിധ സംസ്ഥാനങ്ങളിലെയും കോൺഗ്രസ് ആസ്ഥാനങ്ങളിലാണ് പോളിങ് ​ബൂത്തുകൾ. ഭാരത് ജോ​ഡോ യാത്രയുടെ ഭാഗമായി കർണാടകയിൽ ഒരു പ്രത്യേക ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്. മുൻ പ്രസിഡന്റ് രാഹുൽഗാന്ധി ഈ ബൂത്തിലാണ് വോട്ടു ചെയ്യുക. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മല്ലികാർജുൻ കാർഗെ കർണാടകയിലും ശശി തരൂർ കേരളത്തിലും വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് 4 മണിക്ക് വോട്ടു ചെയ്യാനുള്ള സമയം അവസാനിക്കും. ശേഷം ബാലറ്റുകൾ നിക്ഷേപിച്ച പെട്ടികൾ സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ സീൽ ചെയ്യും. പിന്നീട് പെട്ടികൾ വിമാനമാർഗം ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിക്കും. ഇവിടെ ഈ പെട്ടികൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.

ബുധനാഴ്ചയാണ് വോട്ടെണ്ണൽ. പെട്ടികൾ തുറന്ന് ബാലറ്റുകൾ കൂട്ടിക്കലർത്തിയ ശേഷമാണ് വോട്ടെണ്ണൽ തുടങ്ങുക. ആകെ വോട്ടിന്റെ പകുതിയിലധികം നേടുന്നവരെ പ്രസിഡന്റായി പ്രഖ്യാപിക്കുന്ന​തോടെ നടപടികൾ അവസാനിക്കും.

22 വർഷത്തിന് ശേഷം നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ഒരു കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനാണ് കോൺഗ്രസ് പ്രതിനിധികൾ ഇന്ന് വോട്ടു ചെയ്യുന്നതെന്ന പ്രത്യേകതകൂടിയുണ്ട് ഈ തെരഞ്ഞെടുപ്പിന്.

Tags:    
News Summary - Today is the Congress president election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.