ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസിൽ അദ്ദേഹത്തിന്‍റെ വിശദീകരണം സുപ്രീംകോടതി സ്വീകരിച്ചില്ല. പ്രശാന്ത് ഭൂഷൺ നടത്തിയ പരാമർശങ്ങൾ കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമോയെന്ന് പരിശോധിക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2009ൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും രൂക്ഷമായി വിമർശിച്ചതാണ് കേസിനാധാരം. ഈ കേസിൽ അമിക്കസ് ക്യൂരിയായിരുന്ന ഹരീഷ് സാൽവേയുടെ റിപ്പോർട്ട് നേരത്തെ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു.
2009ൽ പ്രശാന്ത്ഭൂഷൺ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ സുപ്രീംകോടതി ജഡ്ജിമാരെ അധിേക്ഷപിച്ചെന്ന് ആരോപിച്ചാണ് അന്ന് കോടതി സ്വമേധയാ കേസെടുത്തത്. തെഹൽക മാഗസിൻ മുൻ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാലിനെതിരെയും കേസെടുത്തിരുന്നു.
കേസിൽ കക്ഷിചേർന്ന മുതിർന്ന അഭിഭാഷകനും പ്രശാന്ത് ഭൂഷന്‍റെ പിതാവുമായ ശാന്തിഭൂഷൺ തനിക്ക് വിഡിയോ കോൺഫറൻസ് വഴി വാദിക്കുന്നത് ബുദ്ധിമുട്ടാണെന്നും സുപ്രീംകോടതിയിൽ നേരിട്ടുള്ള വാദം ആരംഭിക്കുമ്പോൾ കേസ് പരിഗണിക്കണമെന്നും അഭ്യർഥിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി ഇത് അനുവദിച്ചിരുന്നില്ല.
പ്രശാന്ത് ഭൂഷൺ കഴിഞ്ഞ മാസമാദ്യം നടത്തിയ ട്വീറ്റിനെതിരെയും സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേയെയും മുൻ ചീഫ് മുൻ ചീഫ് ജസ്റ്റിസുമാരെയും സുപ്രീംകോടതിയെയും അധിേക്ഷപിച്ചെന്നാരോപിച്ചാണ് കേസെടുത്തത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ 50 ലക്ഷം രൂപ വിലയുള്ള ഹാര്‍ലി ഡേവിഡ്സണ്‍ ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് നടത്തിയ പരാമര്‍ശമാണ് കേസെടുക്കാൻ കാരണം. വാദം പൂർത്തിയായ കേസ് വിധി പറയാനായി മാറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.