ടി.പി. ചന്ദ്രശേഖരൻ വധക്കേസ്: പി.കെ. കുഞ്ഞനന്തന്റെ ഭാര്യ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അന്തരിച്ച സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തൻ കുറ്റക്കാരനാണെന്നും പിഴ തുക അടക്കണമെന്നുമുള്ള ഹൈകോടതി വിധി ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ ഭാര്യ വി.പി. ശാന്ത സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ 13ാം പ്രതിയായ കുഞ്ഞനന്തന്‌ ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയുമാണ് വിചാരണ കോടതി വിധിച്ചത്.

പിഴ അടക്കാത്ത സാഹചര്യത്തിൽ രണ്ടുവർഷംകൂടി തടവുശിക്ഷ അനുഭവിക്കണമെന്നും വിചാരണ കോടതി ഉത്തരവിട്ടിരുന്നു. വിചാരണ കോടതി വിധിക്ക് എതിരായ അപ്പീൽ ഹൈകോടതി പരിഗണിക്കുന്നതിനിടെയാണ് കുഞ്ഞനന്തന്റെ മരണം. തുടർന്ന് കേസിൽ ഹൈകോടതി ഭാര്യയെ കക്ഷി ചേർത്തു. കുഞ്ഞനന്തൻ മരിച്ചുവെങ്കിലും ടി.പി. വധക്കേസിൽ അദ്ദേഹം കുറ്റക്കാരനാണെന്നും വിചാരണ കോടതി വിധിച്ച പിഴ ശാന്ത നൽകണം എന്നും ഹൈകോടതി നിർദേശിച്ചു. ഇതു ചോദ്യം ചെയ്താണ് ശാന്ത സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തിരിക്കുന്നത്.

ടി.പി. വധക്കേസിൽ ഹൈകോടതി വിധിക്കെതിരെ കേസിൽ ശിക്ഷിക്കപ്പെട്ട എട്ടുപേരും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.

Tags:    
News Summary - TP Chandrasekharan murder case: P.K. Kunjananthan's wife in the Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.