ബംഗളൂരു: ട്രെയിൻ ഏഴര മണിക്കൂർ വൈകിയതിനെ തുടർന്ന് കർണാടകയിൽ 400ഒാളം വിദ്യാർഥികൾക്ക് ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിൽ പെങ്കടുക്കാനായില്ല. ഹുബ്ബള്ളിയിൽനിന്ന് ബംഗളൂരു വഴി മൈസൂരുവിലെത്തുന്ന ഹംപി എക്സ്പ്രസ് (16591) വൈകിയതോടെയാണ് വടക്കൻ കർണാടകയിലെ വിജയപുര, ബെള്ളാരി മേഖലകളിൽനിന്നുള്ള വിദ്യാർഥികൾക്ക് മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിെൻറ ദേശീയതലത്തിലെ യോഗ്യത പരീക്ഷ നഷ്ടമായത്.
ട്രെയിൻ വൈകിയതുകാരണം തങ്ങളുടെ അവസരം നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കർക്ക് ഒാൺലൈനിൽ ട്വീറ്റും ടാഗുമൊക്കെയായി പരാതികൾ സമർപ്പിച്ചു. റെയിൽവേയുടെ അനാസ്ഥ വിദ്യാർഥികളെ പെരുവഴിയിലാക്കിയെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രാലയത്തിനെതിരെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ട്വീറ്റ് വന്നതോടെ വിഷയം രാഷ്ട്രീയമയമാവുകയും ചെയ്തു.
വിദ്യാർഥികൾക്ക് വീണ്ടും അവസരം നൽകണമെന്ന് മുഖ്യമന്ത്രി
ബംഗളൂരു: ഹംപി എക്സ്പ്രസ് ഏഴര മണിക്കൂർ വൈകിയതു കാരണം നീറ്റ് പരീക്ഷ നഷ്ടമായ വിദ്യാർഥികൾക്ക് വീണ്ടും അവസരം നൽകണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആവശ്യപ്പെട്ടു.
നൂറു കണക്കിന് വിദ്യാർഥികളാണ് ട്രെയിൻ വൈകിയതു കാരണം പ്രയാസത്തിലായത്. ഇതിന് പുറമെ, അവസാന നിമിഷം പരീക്ഷാകേന്ദ്രങ്ങൾ മാറ്റി വിദ്യാർഥികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതായും കുറ്റപ്പെടുത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി, റെയിൽ മന്ത്രി പിയൂഷ് ഗോയൽ, മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കർ എന്നിവർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അവസരം നഷ്ടമായ വിദ്യാർഥികളെ നീറ്റ് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
സംഭവം നിർഭാഗ്യകരമായെന്നും വിഷയം വകുപ്പുതല ഉദ്യോഗസ്ഥരുമായി കൂടിയാലോചിക്കുമെന്നും കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഇ. തുക്കാറാം പറഞ്ഞു. തങ്ങളുടേതല്ലാത്ത കാരണത്താൽ അവസരം നഷ്ടമായ വിദ്യാർഥികളുടെ അക്കാദമിക ഭാവി മുന്നിൽക്കണ്ട് അടിയന്തര നടപടി വേണമെന്ന ആവശ്യവുമായി ബി.ജെ.പിയുടെ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.