ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കമൽഹാസന്‍റെ മക്കൾ നീതി മയ്യത്തിന് നേരിട്ട കനത്ത തിരിച്ചടിയോടെ പാർട്ടി വിടുന്നവരുടെ എണ്ണം ഏറുന്നു. പാർട്ടിയിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന ആർ. മഹേന്ദ്രൻ രാജിവെച്ചത് കമൽഹാസനെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്. പാർട്ടിയിൽ ജനാധിപത്യം ഇല്ലെന്ന് ആരോപിച്ചാണ് മഹേന്ദ്രന്‍റെ രാജി.
മഹേന്ദ്രനെ 'വഞ്ചകൻ' എന്ന് വിളിച്ചായിരുന്നു കമൽഹാസന്‍റെ പ്രതികരണം. ഇദ്ദേഹത്തെ പുറത്താക്കാൻ ഉദ്ദേശിച്ചിരുന്നുവെന്നും കളകൾ സ്വയം എം.എൻ.എമ്മിൽ സ്വയം ഒഴിഞ്ഞുപോയതിൽ സന്തോഷമുണ്ടെന്നും കമൽഹാസൻ പറഞ്ഞു.
234 അംഗ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാതെ മക്കൾ നീതി മയ്യം സ്ഥാനാർഥികൾ ദയനീയമായി പരാജയപ്പെട്ടതിന്‍റെ പിറ്റേന്നാണ് മഹേന്ദ്രനും മറ്റ് ആറ് മുതിർന്ന നേതാക്കളും രാജി പ്രഖ്യാപിച്ചത്.
കോയമ്പത്തൂരിലെ സിങ്കനെല്ലൂർ നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു മഹേന്ദ്രൻ മത്സരിച്ചത്. തോൽവിക്ക് ശേഷം പാർട്ടി സ്ഥാനങ്ങളും പ്രഥമിക അംഗത്വവും രാജിവെച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. പാർട്ടിക്കകത്ത് ജനാധിപത്യമില്ലെന്നും കമൽഹാസനെ ഒരു വിഭാഗമാളുകൾ തെറ്റായ പാതയിലാണ് നയിക്കുന്നതെന്നും ആരോപിച്ചായിരുന്നു രാജി.
ഒന്നര വർഷം മുമ്പാണ് മക്കൾ നീതി മയ്യം രൂപവത്കരിച്ചത്. പിന്നീട് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നഗരങ്ങളിൽ മികച്ച പ്രകടനമാണ് പാർട്ടി കാഴ്ചെവച്ചത്. കോയമ്പത്തൂർ ലോക്സഭ മണ്ഡലത്തിൽ മത്സരിച്ച ആർ.മഹേന്ദ്രന് ഒന്നര ലക്ഷത്തോളം വോട്ടുകൾ ലഭിച്ചിരുന്നു.
എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി ദയനീയമായി തോറ്റു. ഇത്തവണ കോയമ്പത്തൂർ സൗത്തിലെ കമൽഹാസെൻറ പരാജയം കനത്ത തിരിച്ചടിയായി. ഭൂരിഭാഗം മണ്ഡലങ്ങളിലും പാർട്ടി നാല്, അഞ്ച് സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. ശരത്കുമാറിെൻറ സമത്വ മക്കൾ കക്ഷി, ഇന്ത്യ ജനനായക കക്ഷി തുടങ്ങിയവരുമായും മക്കൾ നീതിമയ്യം സഖ്യമുണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.