മുംബൈ: ട്രാവൽസുകാർ തമ്മിലെ പണമിടപാട് തർക്കത്തെ തുടർന്ന് വിനോദയാത്രക്ക് പോയ 25 ഡോക്ടർമാരും കുടുംബവും ചൈനയിൽ കുടുങ്ങി. നഗരത്തിലെ മലാഡ് മെഡിക്കൽ അസോസിയേഷൻ (എം.എം.എ) അംഗങ്ങളായ ഡോക്ടർമാരാണ് കുടുങ്ങിയത്. വിസ നടപടികൾ, യാത്ര, താമസം, ഭക്ഷണം എന്നിവക്കായി ഒരാൾക്ക് 92,500 രൂപ നിരക്കിൽ ബോരിവലിയിലെ ഒപെക്സ് ഹോളിഡെയിസിന് എം.എം.എ പണം നൽകിയിരുന്നു. എന്നാൽ, തുകയുടെ 30 ശതമാനം മാത്രമാണ് ചൈനയിലെ കാര്യങ്ങൾ ഏറ്റെടുത്ത അവിടുത്തെ ഫ്രീഡം ട്രാവൽസിന് ഒപെക്സ് ഹോളിഡെയിസ് നൽകിയത്. മുഴുവൻ തുകയും അടക്കാത്തതിനെ തുടർന്ന് ചൈനയിലെ ട്രാവൽസ് ഉടക്കി. താമസിച്ച ഹോട്ടലുകളിൽ നിന്ന് ഡോക്ടർമാരെയും കുടുംബത്തെയും പുറത്താക്കി.
മടക്കയാത്ര നടക്കണമെങ്കിൽ അവിടുത്തെ ട്രാവൽസ് വിചാരിക്കണം. എന്നാൽ, മുഴുവൻ പണവും ലഭിക്കാതെ മടക്കി അയക്കില്ലെന്നാണ് ഫ്രീഡം ട്രാവൽസ് വ്യക്തമാക്കിയത്. മുംബൈയിലെ ഒപെക്സ് ഹോളിഡെയിസിന് എതിരെ എം.എം.എ പൊലിസിൽ പരാതി നൽകുകയും ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് അപേക്ഷ നൽകുകയും ചെയ്തു. ട്രാവൽസ് ഉടമ ഒളിവിലാണെന്നാണ് പൊലിസ് വൃത്തങ്ങൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.