ചെന്നൈ: പുതുച്ചേരി ലോക്സഭ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. സിറ്റിങ് എം.പി വി. വൈദ്യലിംഗം (കോൺഗ്രസ്), ജി. തമിഴ് വേന്ദൻ (അണ്ണാ ഡി.എം.കെ), എ. നമശിവായം (ബി.ജെ.പി) എന്നിവർ തമ്മിലാണ് ബലപരീക്ഷണം.
ആന്ധ്രപ്രദേശിനോട് ചേർന്ന യാനവും കേരളത്തോട് ചേർന്ന മാഹിയും തമിഴ്നാടിനോട് ചേർന്ന പുതുച്ചേരിയും കാരയ്ക്കാലും ചേർന്നതാണ് മണ്ഡലം. തമിഴ്നാടിനൊപ്പം ഏപ്രിൽ 19നാണ് പുതുച്ചേരിയിലും വോട്ടെടുപ്പ് നടക്കുക. 1980 മുതൽ നടന്ന 11 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ എട്ടു തവണയും കോൺഗ്രസിനായിരുന്നു വിജയം. 1998ൽ ഡി.എം.കെയും 2004ൽ പാട്ടാളി മക്കൾ കക്ഷിയും 2014ൽ എൻ.ആർ കോൺഗ്രസും വിജയിച്ചു.
പൊതുമരാമത്ത് മന്ത്രി, പ്രതിപക്ഷ നേതാവ്, പുതുച്ചേരി മുഖ്യമന്ത്രി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച വൈദ്യലിംഗം 2019ൽ നിയമസഭ സ്പീക്കർ സ്ഥാനം രാജിവെച്ച ശേഷമാണ് ലോക്സഭ സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്.
പുതുച്ചേരിയിലെ എൻ.ആർ കോൺഗ്രസ് നേതൃത്വത്തിലുള്ള രംഗസാമി സർക്കാറിലെ ആഭ്യന്തരമന്ത്രിയാണ് എ. നമശിവായം. പുതുച്ചേരി പി.സി.സി അധ്യക്ഷനെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന നമശിവായം പിന്നീട് ബി.ജെ.പിയിലേക്ക് ചേക്കേറുകയായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ണടിപ്പേട്ട് മണ്ഡലത്തിൽനിന്നാണ് ഇദ്ദേഹം വിജയിച്ചത്. സംസ്ഥാന ഭരണകക്ഷിയായ എൻ.ആർ കോൺഗ്രസിന്റെ പിന്തുണയാണ് ബി.ജെ.പിക്ക് ആത്മവിശ്വാസം പകരുന്നത്.
മത്സ്യത്തൊഴിലാളി കുടുംബാംഗമായ പുതുച്ചേരി അണ്ണാ ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറിയായ ജി. തമിഴ്വേന്ദൻ പാർട്ടിയുടെ പുതുമുഖ സ്ഥാനാർഥിയാണ്.
ഡി.എം.കെ മുന്നണിയിൽ തമിഴകത്തിലെ 40 ലോക്സഭ സീറ്റുകളിൽ പുതുച്ചേരി ഉൾപ്പെടെ പത്തെണ്ണം കോൺഗ്രസിനാണ് അനുവദിച്ചത്. വിനോദസഞ്ചാര കേന്ദ്രം കൂടിയായ പുതുച്ചേരിയിൽ മൊത്തം 30 നിയമസഭ മണ്ഡലങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.