ഐസോൾ: നവംബറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറമിൽ അരങ്ങൊരുങ്ങുന്നത് ത്രികോണ മത്സരത്തിന്. ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടിന് പരമ്പരാഗത എതിരാളിയായ ഇന്ത്യൻ നാഷനൽ കോൺഗ്രസിനൊപ്പം സോറം പീപ്ൾസ് മൂവ്മെന്റും വെല്ലുവിളി ഉയർത്തുന്നു. വികസന രാഷ്ട്രീയമാണ് ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട് ഉയർത്തുന്നത്. ലുങ്ലെയ് മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം നഗരമേഖലയിലെ അവരുടെ ശക്തിയാണ് സൂചിപ്പിക്കുന്നത്. അതേസമയം, ഗ്രാമപ്രദേശങ്ങളിൽ കോൺഗ്രസിന് പ്രതീക്ഷയേറെയാണ്. പ്രചാരണത്തിൽ എം.എൻ.എഫിന് മുൻതൂക്കമുണ്ട്. മിസോ നാഷനൽ ഫ്രണ്ടിന്റെ മുതിർന്ന നേതാവും നിയമസഭ സ്പീക്കറുമായ ലാൽറിൻലിയാനോ സെയ്ലോ അടുത്തിടെ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. എം.എൻ.എഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്നായിരുന്നു കൂടുമാറ്റം.
പണക്കൊഴുപ്പിനും മസിൽ പവറിനും അപ്പുറം സേവന മികവ്, പൊതുനിലപാട്, മത-സാമൂഹിക സംഘടനകളുടെ പിന്തുണ തുടങ്ങിയ ഘടകങ്ങളാണ് ഇവിടെ സ്ഥാനാർഥികളുടെ വിജയത്തിൽ നിർണായകമാവുന്നത്. പണപ്പെരുപ്പവും സാമ്പത്തിക വളർച്ചയുമെല്ലാം തെരഞ്ഞെടുപ്പ് രംഗത്ത് കൂടുതലായി ചർച്ച ചെയ്യപ്പെടുന്നത് വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തിന്റെ സാമൂഹിക മേന്മയാണ് അടയാളപ്പെടുത്തുന്നത്. അയൽ സംസ്ഥാനമായ മണിപ്പൂരിലുണ്ടായ കുക്കി വംശജർക്കെതിരായ അതിക്രമങ്ങൾ വോട്ടർമാരെ സ്വാധീനിക്കാനിടയുണ്ട്. കുക്കി വംശജർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സാമൂഹിക സംഘടനകൾ പ്രകടനങ്ങൾ നടത്തിയിരുന്നു. ഇത് വോട്ടിൽ പ്രതിഫലിക്കുമോ എന്ന് കണ്ടറിയണം. കുക്കികളുമായുള്ള അടുപ്പം ചൂണ്ടിക്കാട്ടി മിസോ വംശജരുടെ പിന്തുണ നേടാൻ മുഖ്യമന്ത്രി സോറംതംഗ ശ്രമിച്ചു.
എൻ.ഡി.എ സഖ്യകക്ഷിയായ എം.എൻ.എഫിനെ വിഷയത്തിൽ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. മ്യാന്മറിൽനിന്നുള്ള അഭയാർഥികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നിർദേശം അവഗണിച്ച സംസ്ഥാന സർക്കാർ ഗോത്ര വിഭാഗങ്ങൾക്ക് ഒപ്പമാണ് തങ്ങളെന്ന സന്ദേശമാണ് നൽകാൻ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.