കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 42 സീറ്റുകളിലേക്ക് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ച 42 സ്ഥാനാർഥികളിലെ അപ്രതീക്ഷിത പേരായിരുന്നു മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യൂസുഫ് പത്താന്റെത്. ബെർഹാംപുരിൽ രാഷ്ട്രീയ പരീക്ഷണത്തിന് ഇറങ്ങുന്ന 41കാരൻ ഒരുകാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിലെയും ഐ.പി.എല്ലിലെയും മിന്നുംതാരമായിരുന്നു. സമൂഹത്തിലെ ദരിദ്രരും നിരാലംബരുമായ വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ അദ്ദേഹം പറഞ്ഞു.
‘ടി.എം.സി കുടുംബത്തിലേക്ക് എന്നെ സ്വാഗതം ചെയ്തതിനും പാർലമെന്റിൽ ജനങ്ങളുടെ ശബ്ദമാകാനുള്ള ഉത്തരവാദിത്തത്തിൽ എന്നെ വിശ്വസിച്ചതിനും മമത ബാനർജിയോട് കടപ്പെട്ടിരിക്കും. ജനപ്രതിനിധി എന്ന നിലയിൽ, ദരിദ്രരുടെയും നിരാലംബരുടെയും ഉന്നമനം നമ്മുടെ കടമയാണ്, ലക്ഷ്യം നിറവേറ്റാനാകുമെന്ന് പ്രതീക്ഷിക്കുന്നു’ -യൂസുഫ് എക്സിൽ വ്യക്തമാക്കി. വലംകൈയൻ ബാറ്ററും ഓഫ് സ്പിന്നറുമായ താരം ഇന്ത്യക്കായി 57 ഏകദിനങ്ങളും 22 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും ജഴ്സിയണിഞ്ഞു വെടിക്കെട്ട് ബാറ്റർ.
അതേസമയം, യൂസുഫിന് അഭിനന്ദനങ്ങൾ ചൊരിഞ്ഞ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഓൾ റൗണ്ടറും സഹോദരനുമായ ഇർഫാൻ പത്താനും രംഗത്തെത്തി.
‘താങ്കളുടെ ക്ഷമ, ദയ, ഔദ്യോഗിക പദവി ഇല്ലാതെ പോലും ദരിദ്രരെയും പാവപ്പെട്ടവരെയും സഹായിക്കാനുള്ള മനസ്സ് എന്നിവ വേഗത്തിൽ ശ്രദ്ധിക്കപ്പെടും. രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നതോടെ ആളുകളുടെ ദൈനംദിന ജീവിതത്തിൽ നിങ്ങൾക്ക് വലിയ മാറ്റം കൊണ്ടുവരാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’-39കാരനായ ഇർഫാൻ എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.