തൃണമൂല്‍ എം.പിയുടെ അറസ്റ്റില്‍ പ്രതിഷേധം ശക്തം

കൊല്‍ക്കത്ത: ചിറ്റ്ഫണ്ട് അഴിമതിക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സുദീപ് ബന്ദോപാധ്യായയെ സി.ബി.ഐ അറസ്റ്റ് ചെയ്തതിനെതിരെ പശ്ചിമ ബംഗാളില്‍ പ്രതിഷേധം ശക്തം. സംസ്ഥാനവ്യാപക പ്രതിഷേധം തെരുവുകളെ പ്രക്ഷുബ്ധമാക്കി. ചിലയിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞു. കൊല്‍ക്കത്തയിലെ സി.ബി.ഐ ആസ്ഥാനത്തും പ്രതിഷേധം അരങ്ങേറി.

നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെ ധീരമായ നിലപാടെടുത്ത തൃണമൂലിനെതിരെ കേന്ദ്രത്തിന്‍െറ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് ഗവര്‍ണര്‍ കെ.എന്‍. ത്രിപാഠിക്ക് നല്‍കിയ പരാതിയില്‍ തൃണമൂല്‍ ആരോപിച്ചു. ചൊവ്വാഴ്ച അറസ്റ്റ് നടന്നയുടന്‍ തന്നെ പ്രതിഷേധം തുടങ്ങിയിരുന്നു. പ്രതിഷേധക്കാര്‍ ബി.ജെ.പി ഓഫിസിന് നേരെ ആക്രമണം നടത്തി. ചൊവ്വാഴ്ച സംസ്ഥാന ബി.ജെ.പി ജനറല്‍ സെക്രട്ടറി കൃഷ്ണ ഭട്ടാചാര്യയുടെ വീടിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോയുടെ കൊല്‍ക്കത്തയിലെ വീടിന് മുന്നിലും തൃണമൂല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സംസ്ഥാന ഓഫിസിനും നേതാക്കളുടെ വീടിനും നേര്‍ക്കുണ്ടായ ആക്രമണത്തെ ബി.ജെ.പി അപലപിച്ചു. 

തൃണമൂല്‍ ആക്രമണം നിര്‍ത്തിയില്ളെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ബി.ജെ.പി പറഞ്ഞു. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ബി.ജെ.പി രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ അയക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു.
അതിനിടെ, സുദീപ് ബന്ദോപാധ്യായയുടെ ജാമ്യാപേക്ഷ ഭുവനേശ്വര്‍ കോടതി തള്ളി. അദ്ദേഹത്തെ ആറുദിവസം സി.ബി.ഐ കസ്റ്റഡയില്‍ വിട്ടു.

Tags:    
News Summary - trinamool Mp arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.