ന്യൂഡൽഹി: മുത്തലാഖ് ബിൽ ഭേദഗതികളില്ലാതെ അനവതരിപ്പിച്ചാൽ അത് കുടുംബങ്ങളെ ബാധിക്കുമെന്ന് കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ്.
ബില്ലിലെ വ്യവസ്ഥകൾ കുടുംബങ്ങളെ ബാധിക്കും. പ്രധാനമന്ത്രിയുടെ ആവശ്യവും അത് തന്നെയാണ്. മോദിയുടെയും സംഘ്പരിവാറിന്റെ മനോഭാവമാണിത്. മുസ്ലിം സമുദായത്തെ താറടിച്ച് കാട്ടുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം തുറന്നടിച്ചു.
ബില്ലിൽ ആർക്കും എതിർപ്പില്ല, എന്നാൽ ചർച്ച ചെയ്യാതെ ധൃതിപിടിച്ച് നടപ്പാക്കരുത്. കാരണം ഇത് വൈകാരികമായ പ്രശ്നം കൂടിയാണ്. ഇസ്ലാമിക വ്യക്തമി നിയമവും മുസ്ലിം സ്ത്രീകളും ബില്ലിനെതിരാണെന്നും ഷക്കീൽ അഹമ്മദ് പറഞ്ഞു.
അതേസമയം, ലോക്സഭയിൽ ഒറ്റയിരിപ്പിന് പാസാക്കിയെടുത്ത വിവാദ മുത്തലാഖ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച ഭരണപക്ഷം ഒറ്റപ്പെട്ടു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവുമായി രംഗത്തെത്തിയ പ്രതിപക്ഷത്തിനൊപ്പം എൻ.ഡി.എയോട് അനുകൂല നിലപാട് സ്വീകരിക്കുന്ന ചെറുകക്ഷികളും ചേർന്നതോടെ ചർച്ചയിലേക്ക് കടക്കാനാവാതെ സഭ പിരിയുകയായിരുന്നു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമോയെന്ന കാര്യം വോട്ടിനിട്ട് തീരുമാനിക്കാമെന്ന ആവശ്യത്തിൽ ബുധനാഴ്ച കോൺഗ്രസും തൃണമൂലും മറ്റു പ്രതിപക്ഷ പാർട്ടികളും ഉറച്ചുനിന്നതോടെ പരാജയം തുറിച്ചുനോക്കിയ ഭരണപക്ഷം സാേങ്കതിക വാദങ്ങളിൽ പിടിച്ച് ബഹളംവെച്ചു തലയൂരുകയായിരുന്നു.
എൻ.ഡി.എയോടൊപ്പം നിൽക്കുന്ന തെലുഗുദേശം പാർട്ടിയുടെ ചുവടുമാറ്റമാണ് ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയായത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തിനൊപ്പം നിൽക്കുമെന്ന് പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു ചൊവ്വാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. ഇവർക്കൊപ്പം എ.െഎ.എ.ഡി.എം.കെയും ഡി.എം.കെയും ചേർന്നപ്പോൾ ഭരണപക്ഷം പ്രതിരോധത്തിലായി. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടാനാവില്ലെന്ന നിലപാടിൽ ബിൽ അവതരിപ്പിച്ച മന്ത്രി രവിശങ്കർ പ്രസാദും ധനമന്ത്രി അരുൺ െജയ്റ്റ്ലിയും ഉറച്ചുനിന്നതോടെ വാക്പോര് നീണ്ടു. ബഹളം കനത്തപ്പോൾ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ സഭ പിരിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. വ്യാഴാഴ്ചയും ഭരണ- പ്രതിപക്ഷ പോര് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.