ന്യൂഡൽഹി: പാപമെന്നോ അധാർമികമെന്നോ ദൈവം കൽപിച്ചതിന് നിയമസാധുത നൽകാൻ മനുഷ്യന് കഴിയുമോ എന്ന് സുപ്രീംകോടതി. മുത്തലാഖ് കേസിെൻറ രണ്ടാംദിവസത്തെ വാദം കേൾക്കുേമ്പാൾ അഞ്ചംഗ ഭരണഘടന ബെഞ്ചിൽനിന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവരാണ് ഇൗ ചോദ്യം ഉന്നയിച്ചത്. മുത്തലാഖ് കേസിൽ കോടതിയെ സഹായിക്കാൻ ഹാജരാവുന്ന മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർശിദിെൻറ വാദമുഖങ്ങൾക്കുള്ള മറുപടിയായാണ് കോടതിയുടെ പരാമർശം. മുത്തലാഖ് അപരാധമാണെങ്കിലും ഇസ്ലാമിൽ അനുവദനീയമാണെന്ന് സൽമാൻ ഖുർശിദ് ചൂണ്ടിക്കാട്ടി.
കോടതിയുടെ ചോദ്യം ശരിയാണെന്ന് സൽമാൻ ഖുർശിദ് പറഞ്ഞു. വധശിക്ഷ തെറ്റാണ്, അപരാധമാണ്. എന്നാൽ പല രാജ്യങ്ങളിലും അത് നിയമമാണെന്ന് കോടതി പറഞ്ഞു. മുത്തലാഖിനെക്കുറിച്ച് ഇസ്ലാമിലെ വിവിധ ചിന്താധാരകളെക്കുറിച്ച് കോടതിക്ക് ഏറ്റവും നന്നായി വഴികാട്ടാൻ കഴിയുന്നത് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിനായിരിക്കുമെന്ന് സൽമാൻ ഖുർശിദ് പറഞ്ഞു. മുത്തലാഖ് മൗലികമല്ലെന്നു മാത്രമല്ല, ഇസ്ലാമിലെ എല്ലാറ്റിനെയും ലംഘിക്കുകയും ചെയ്യുന്നതായി ഹരജിക്കാരെ പ്രതിനിധാനം ചെയ്യുന്ന മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
മുത്തലാഖ് അടിസ്ഥാനപരമായി വനിതകളോട് അനീതി കാട്ടുന്നതായി ദേശസുരക്ഷ ബോധവത്കരണ ഫോറത്തിനു വേണ്ടി ഹാജരാവുന്ന മുതിർന്ന അഭിഭാഷകൻ രാംജത് മലാനി വ്യക്തമാക്കി. ദൈവത്തിന് നിരക്കാത്ത രീതിയാണത്. പുരുഷൻ ഏതു വിധത്തിൽ വാദിച്ചാലും അത് പരിഹരിച്ചെടുക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീയാണ് എന്നതുകൊണ്ട് വനിതകളോട് ഒരുവിധ വിവേചനവും സാധ്യമല്ല. സ്ത്രീയുടെ അവസ്ഥ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചാണ് ഏതു നിയമവും. ഭരണഘടനയുടെ 13ാം അനുച്ഛേദത്തിനു കീഴിൽ മുത്തലാഖ് കൊണ്ടുവരുന്നതിൽനിന്ന് കോടതി ഒഴിഞ്ഞുമാറരുതെന്ന് അേദ്ദഹം ഉണർത്തി.
മുത്തലാഖ് രീതി അവസാനിച്ചാലത്തെ അനന്തരഫലം എന്താണെന്ന കാര്യം പരിഗണിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ജെ്.എസ്. ഖെഹാർ പറഞ്ഞു. മുത്തലാഖിൽ ഉഭയകക്ഷി സമ്മതം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.മതം, ജാതി, ദേശം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്ന ഭരണഘടനയുടെ 15ാം അനുച്ഛേദം രാഷ്ട്രത്തിെൻറ നിയമത്തെക്കുറിച്ചാണ് പറയുന്നത്. കോടതിയിൽ ചർച്ച ചെയ്യപ്പെടുന്നത് വ്യക്തിനിയമമാണെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.