പെട്രോള്‍ വില 200 ലെത്തിയാല്‍ ബൈക്കില്‍ മൂന്നുപേരെ അനുവദിക്കണം; 'ഇടിവെട്ട്'​ ​െഎഡിയയുമായി അസം ബി.ജെ.പി അധ്യക്ഷന്‍

ഗുവാഹത്തി: ഇന്ധനവില നേരിടാനുള്ള 'ഇടിവെട്ട്'​ ​െഎഡിയയുമായി അസം ബി.ജെ.പി അധ്യക്ഷന്‍. 100 കടന്ന പെട്രോൾ വില 200 ലെത്തിയാൽ മൂന്നാളുകളെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന വാദവുമായാണ് മുൻ മന്ത്രികൂടിയായ ബബീഷ് കലിത രംഗത്തുവന്നിരിക്കുന്നത്. വിലകൂടിയ കാറുകളിൽ സഞ്ചരിക്കുന്നതിന് പകരം ജനങ്ങൾ ഇരുചക്രവാഹനങ്ങളെ ആശ്രയിക്കണമെന്നും അങ്ങനെയെങ്കിൽ പെട്രോൾ ലാഭിക്കാനാവുമെന്നും ഇദ്ദേഹം പറയുന്നു.

'പെട്രോള്‍ വില 200 ലെത്തിയാല്‍ മൂന്നാളുകളെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കണം. വാഹനനിര്‍മാതാക്കള്‍ മൂന്ന് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന രീതിയില്‍ സീറ്റുകള്‍ ക്രമീകരിക്കണം'-ബബീഷ് പറഞ്ഞു. ഇക്കഴിഞ്ഞ ജൂണിലാണ് ബബീഷിനെ പാര്‍ട്ടി അധ്യക്ഷനാക്കിയത്.

'ഭരണകക്ഷിയായ ബിജെപി അധ്യക്ഷൻ ഇത്തരത്തിലുള്ള വിചിത്രമായ പ്രസ്താവന നടത്തുന്നത് വളരെ ആശങ്കാജനകമാണ്. അദ്ദേഹം പ്രസ്​താവന നടത്തിയത് തമാശയായിട്ടാണോ അതോ അദ്ദേഹം ശരിക്കും ഗൗരവമായി പറഞ്ഞതാണോ'-അസാം കോൺഗ്രസ്​ മീഡിയ ഡിപ്പാർട്ട്‌മെന്റ് ചെയർപേഴ്‌സണായ ബോബീറ്റ ശർമ്മ ചോദിച്ചു.പെട്രോൾ വില ലിറ്ററിന് 100 രൂപയിൽ താഴെയായിരുന്നപ്പോൾ ഒരു പ്രതിപക്ഷ പാർട്ടിയായി ബിജെപി നടത്തിയ പ്രതിഷേധങ്ങളെ അവർ കാളിത്തയെ ഓർമ്മിപ്പിച്ചു.

'പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്​ദാനം ചെയ്​ത 'അഛേ ദിൻ' അദ്ദേഹം ഓർക്കുന്നുണ്ടോ? കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി നേതൃത്വം ഗ്യാസ് സിലിണ്ടറുകളുമായി ഇരുന്നതും ഉള്ളി മാല ധരിച്ചതും ഓർക്കുന്നുണ്ടോ? ഇന്ധനത്തിന്റെയും ഗ്യാസ് സിലിണ്ടറിന്റെയും വില സ്ഥിരമായി നിലനിർത്തുന്നതിനുപകരം, അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറയുമ്പോഴും അവർ രാജ്യത്ത്​ ഇന്ധനവില ദിനംപ്രതി വർധിപ്പിക്കുകയാണ്. പക്ഷേ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറിയില്ല'-കോൺഗ്രസ് നേതാവ് പറഞ്ഞു.

ബുധനാഴ്​ചയും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. അതേസമയം രാജ്യത്ത് ഇന്ധനവില കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേതൃത്വത്തില്‍ ഇടപെടല്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ധനകാര്യമന്ത്രാലയവുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

കേന്ദ്ര-സംസ്ഥാന നികുതിയില്‍ നേരിയ കുറവ് വരുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. അസംസ്‌കൃത എണ്ണവില കുറയ്ക്കുന്നത് സംബന്ധിച്ച് എണ്ണ ഉത്​പ്പാ​ദക രാജ്യങ്ങളുമായും കേന്ദ്രം ചര്‍ച്ച നടത്തുന്നുണ്ട്. 105 മുതല്‍ 107 രൂപ വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില. ഡീസലിനും പാചകവാതകത്തിനും സമാനമായ വിലവര്‍ധനയാണ് ഉണ്ടായത്. ഇന്ധന വിലവര്‍ധനവ് വഴി കേന്ദ്രസര്‍ക്കാരിന് 88 ശതമാനം അധികവരുമാനമാണ് ലഭിക്കുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.35 ലക്ഷം കോടി രൂപയാണ് ഇന്ധനനികുതി വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്.

Tags:    
News Summary - 'Tripling on bikes when petrol costs Rs 200 a litre': Assam BJP chief fuels a conversation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.