അഗർത്തല: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ വിവാഹം തടഞ്ഞ ജില്ല മജിസ്ട്രേറ്റിന് പുറത്താക്കി ത്രിപുര സർക്കാർ. ത്രിപുര (വെസ്റ്റ്) ജില്ല മജിസ്ട്രേറ്റ് സായ്ലേശ് കുമാർ ജാദവിനാണ് സസ്പെൻഷൻ.
അഗർത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ വിവാഹം പാതിവഴിയിൽ ജില്ല മജിസ്ട്രേറ്റ് തടയുന്ന വിഡിയോ പുറത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സസ്പെൻഷൻ.
സംഭവത്തെക്കുറിച്ച് വിശദീകരിക്കാൻ സായ്ലേശ് കുമാർ സമിതിക്ക് മുമ്പിൽ ഹാജരായിരുന്നു. മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്‍റെ നിർദേശത്തെ തുടർന്ന് രണ്ടു മുതിർന്ന ഐ.എ.എസ് ഓഫിസർമാരുടെ നേതൃത്വത്തിലായിരുന്നു സമിതി.
ക്രമസമാധനാനം ഉറപ്പാക്കുന്നതും കോവിഡ് 19 വ്യാപിക്കുന്നത് തടയുകയും ചെയ്യേണ്ടത് കടമയാണ്. വിവാഹം തടഞ്ഞത് നല്ല കാര്യത്തിന് വേണ്ടിയാണെന്നതിൽ ഉറച്ചുനിൽക്കുന്നതായും സായ്ലേശ് സമിതിക്ക് മറുപടി നൽകിയിരുന്നു.
തുടർന്ന് ബി.ജെ.പി നേതാക്കളായ ആസിഷ് സാഹ, സുശാന്ത ചൗധരി തുടങ്ങിയവർ യാദവിനെ മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകുകയായിരുന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിൽ വരനോടും വധുവിനോടും ബന്ധുക്കളോടും ഉടൻ തന്നെ വിവാഹവേദിയിൽനിന്ന് പുറത്തുപോകണമെന്ന് യാദവ് പറയുന്നത് കേൾക്കാം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസിനോട് വേദിയിൽനിന്ന് ബന്ധുക്കളെ പുറത്താക്കാൻ നിർദേശിക്കുന്നതും കാണാം. ബന്ധുക്കൾ വിവാഹത്തിന് അധികൃതർ നൽകിയ അനുമതി കാണിച്ചുനൽകിയപ്പോൾ യാദവ് അവ കീറികളയുന്നതും വിഡിയോയിലുണ്ട്. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി.
തന്‍റെ നടപടിയിൽ ഏതെങ്കിലും വ്യക്തിക്കോ സംഘത്തിനോ വേദനയുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ജനങ്ങളുടെ പ്രയോജനത്തിനും ക്ഷേമത്തിനും വേണ്ടി മാത്രമായിരുന്നു അങ്ങശന ചെയ്തതെന്നും ആരെയും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ആയിരുന്നില്ല ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.