മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കർശന ലോക്ഡൗണും ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിമിഷനേരം കൊണ്ട് ലോക്ഡൗൺ മാർഗനിർദേശങ്ങൾ കാറ്റിൽ പറത്തുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.
സോലാപുരിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. സോലാപുരിൽനിന്ന് ബിജാപുരിേലക്ക് ജീവനുള്ള മീനുകളുമായി പോയ ട്രക്ക് റോഡിന്‍റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം ചെരിഞ്ഞതോടെ ആഫ്രിക്കൻ മുഷി ഇനത്തിൽപെട്ട മീനുകളിലേറെയും പാലത്തിന് കീഴിലെ ചളിനിറഞ്ഞ തടാകത്തിലേക്ക് വീണു. തടാകത്തിൽ കിടക്കുന്ന മീനുകളെ പിടിക്കാൻ ഒത്തുകൂടുകയായിരുന്നു വൻ ജനക്കൂട്ടം.
മീൻ വാഹനം മറിഞ്ഞ വാർത്ത കാട്ടുതീ പോലെ നഗരത്തിൽ പടർന്നതോടെയാണ് ജനക്കൂട്ടം തടാകത്തിന് സമീപമെത്തിയത്. ആൾക്കൂട്ടം തടാകത്തിൽനിന്ന് മീൻ ശേഖരിക്കുന്നതും സഞ്ചിയിലാക്കി പോകുന്നതും വിഡിയോയിൽ കാണാം. മാസ്ക് പോലും ധരിക്കാതെയാണ് ആളുകൾ തടിച്ചുകൂടിയത്. സംഭവം അറിഞ്ഞ് സ്ഥലത്ത് പൊലീസ് എത്തുകയും ജനങ്ങളെ പിരിച്ചുവിടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.