കേന്ദ്രം വഴങ്ങി; ട്രക്ക് സമരം പിൻവലിച്ചു

ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമത്തിനെതിരെ ആറ് സംസ്ഥാനങ്ങളിലെ ട്രക്ക് ഡ്രൈവർമാർ മൂന്നുദിവസമായി നടത്തിവന്ന സമരം പിൻവലിച്ചു. അപകടമുണ്ടായാൽ അധികൃത​രെ അറിയിക്കാതെ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോകുന്നവർക്ക് 10 വർഷംവരെ തടവും ഏഴുലക്ഷം രൂപവരെ പിഴയും നൽകുന്ന ഹിറ്റ് ആൻഡ് റൺ നിയമത്തിനെതിരെയായിരുന്നു സമരം. 10 വർഷം ശിക്ഷയെന്ന നിയമത്തിലെ വ്യവസ്ഥ തൽക്കാലം നടപ്പാക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനൽകിയതിനെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി സമരം പിൻവലിച്ചത്.

സമരം മൂന്നുദിവസം പിന്നിട്ടപ്പോൾ ഇന്ധനമടക്കമുള്ള അവശ്യസാധനങ്ങളുടെ നീക്കം സ്തംഭനാവസ്ഥയിലായിരുന്നു. ലോറി ഡ്രൈവർമാരെ പിന്തുണച്ച്​ ചില സംസ്ഥാനങ്ങളിൽ സ്വകാര്യ ബസ് ഡ്രൈവർമാരും ടാക്സി ഡ്രൈവർമാരും തെരുവിലിറങ്ങി. ടയറുകൾ കത്തിച്ചും റോഡുകൾ തടഞ്ഞും ദേശീയ- സംസ്ഥാന പാതകൾ തടസ്സപ്പെടുത്തിയതോടെ പലയിടങ്ങളിലും പൊതുഗതാഗതം താറുമാറായി.

മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ പെട്രോൾ-ഡീസൽ പമ്പുകളിലെ ഇന്ധന വിതരണത്തെ സമരം ഭാഗികമായി ബാധിച്ചിട്ടുണ്ട്. പമ്പുകളിൽ വാഹനങ്ങളുടെ നീണ്ടവരി രൂപപ്പെട്ടു. മഹാരാഷ്ട്രയിലെ ട്രക്ക് ഡ്രൈവർമാർ മുംബൈ-അഹ്മദാബാദ് ദേശീയപാത തടയുകയും പൊലീസുകാർക്ക് നേരെ കല്ലെറിയുകയും ചെയ്തു. സോലാപൂർ, കോലാപൂർ, നാഗ്പൂർ, ഗോണ്ടിയ ജില്ലകളിലും പ്രതിഷേധക്കാർ റോഡുകൾ തടഞ്ഞു.

ഛത്തീസ്ഗഢിൽ 12,000ലധികം വരുന്ന സ്വകാര്യ ബസ് ഡ്രൈവർമാരാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പ്രതിഷേധത്തെതുടർന്ന് റായ്പൂർ, ബിലാസ്പൂർ, ദുർഗ്, രാജ്നന്ദ്ഗാവ് എന്നിവിടങ്ങളിൽ യാത്രക്കാർ കുടുങ്ങി. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലുള്ള ഡങ്കുനി ടോൾ പ്ലാസക്ക് സമീപം ദേശീയപാതയിൽ ടയറുകൾ കത്തിച്ചും വാഹനങ്ങൾ റോഡിന് നടുവിൽ നിർത്തിയിട്ടും തട​​​സ്സപ്പെടുത്തി.

പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലും ദേശീയപാതകൾ സമരക്കാർ തടസ്സപ്പെടുത്തി. പലയിടത്തും സമരം അക്രമാസക്തമായി മാറിയതായി റിപ്പോർട്ടുകളുണ്ട്. സമരം ഹിമാചൽ ടൂറിസത്തെ സാരമായി ബാധിച്ചു.

കേന്ദ്രസർക്കാർ പുതുതായി കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിതയിലുള്ള ഹിറ്റ് ആൻഡ് റൺ നിയമത്തിനെതിരെ ജനുവരി ഒന്നുമുതലാണ് ട്രക്ക് ഡ്രൈവർമാർ സമരം പ്രഖ്യാപിച്ചത്. മനഃപൂർവം അപകടം ഉണ്ടാക്കുന്നതല്ലെന്നും ആൾക്കൂട്ടം തല്ലിക്കൊല്ലുമെന്ന ഭയംമൂലമാണ് സംഭവസ്ഥലത്തുനിന്ന് ഓടിപ്പോകുന്നതെന്നും ​ഡ്രൈവർമാർ പറയുന്നു. സമരത്തെതുടർന്ന് 95 ലക്ഷം ട്രക്കുകളാണ് നിരത്തിലിറങ്ങാതെ ഗോഡൗണുകളിലും മറ്റുമായി നിർത്തിയിട്ടതെന്ന് ട്രക്ക് ഉടമകളുടെ സംഘടന വ്യക്തമാക്കി. സമരം ഇന്ധന നീക്കത്തെയും തുറമുഖ ചരക്ക് നീക്കത്തെയും സാരമായി ബാധിച്ചു. 

Tags:    
News Summary - Truckers urged to resume work after government assurance on new hit-and-run law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.