ബംഗളൂരു: കോവിഡ് ഭേദമായവരിൽ ക്ഷയരോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക പരിശോധന കാമ്പയിനുമായി ആരോഗ്യവകുപ്പ്. കോവിഡ് വന്നുപോയവരുടെ വീടുകളിൽ ആശാവർക്കർമാരും ആരോഗ്യപ്രവർത്തകരും സന്ദർശനം നടത്തി ക്ഷയരോഗ പരിശോധനക്ക് വേണ്ട തുടർ നടപടികൾ സ്വീകരിക്കും. പ്രത്യേക പരിശോധന ക്യാമ്പുകളും ഇതിനായി നടത്തും. കോവിഡും ക്ഷയവും ശ്വാസകോശത്തെ ബാധിക്കുന്നതിനാലാണ് കോവിഡ് ഭേദമായവരില്‍ ക്ഷയം ബാധിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചുവരുന്നതെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു. വിധാന്‍ സൗധയില്‍ നടന്ന ചടങ്ങില്‍ മന്ത്രി സുധാകര്‍ പരിശോധന യജ്ഞം ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് 28 ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ഭേദമായിട്ടുണ്ട്. ഈ മാസം 31 വരെ സംസ്ഥാനത്തെ കോവിഡ് മുക്തരായവരെയും കുടുംബാംഗങ്ങളെയും പരിശോധിക്കും. സംസ്ഥാനത്ത് എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തും. കോവിഡ് മുക്തരും കുടുംബാംഗങ്ങളും പരിശോധനക്ക് തയാറായി സ്വയം മുന്നോട്ടുവരണമെന്നും രോഗം നേരത്തേ കണ്ടെത്തുകയാണെങ്കില്‍ ചികിത്സ എളുപ്പമാകുമെന്നും മന്ത്രി പറഞ്ഞു. 2017നുശേഷം സംസ്ഥാനത്ത് 75 ലക്ഷം പേര്‍ക്ക് ക്ഷയരോഗ ലക്ഷണങ്ങള്‍ കണ്ടതില്‍ 88 ശതമാനം പേരെയും പരിശോധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയെതുടർന്ന് കഴിഞ്ഞ ഒരുവര്‍ഷമായി ക്ഷയരോഗ നിര്‍ണയ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നിരുന്നില്ല.
2025ഓടെ രാജ്യത്തെ ക്ഷയരോഗ മുക്തമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണമെന്നും കര്‍ണാടക സര്‍ക്കാര്‍ ഈ ലക്ഷ്യത്തിലെത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും സുധാകര്‍ പറഞ്ഞു.
കോവിഡ് മൂന്നാംഘട്ടത്തില്‍ കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പുള്ളതിനാല്‍ 'ആരോഗ്യ നന്ദന'എന്ന പേരില്‍ പുതിയ പദ്ധതി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ ഒന്നര കോടി കുട്ടികളുണ്ട്. ഇവരെ എല്ലാവരെയും പദ്ധതിയുടെ കീഴില്‍ പരിശോധിക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പദ്ധതി ഉടന്‍ ഉദ്ഘാടനം ചെയ്യും.
പദ്ധതിയിലൂടെ പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികളെയും മറ്റ് അസുഖങ്ങളുള്ള കുട്ടികളെയും കണ്ടെത്തി പ്രത്യേക പരിചരണം നല്‍കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കോവിഡ് ഭേദമായവരെ പരിശോധിച്ചതിൽ 24 പേർക്കാണ് ക്ഷയരോഗം സ്ഥിരീകരിച്ചതെന്ന് ക്ഷയരോഗ നിർമാർജന ചുമതലയുള്ള സംസ്ഥാനത്തെ ജോയിൻറ് ഡയറക്ടർ ഡോ. രമേശ് ചന്ദ്ര റെഡ്ഡി പറഞ്ഞു.
കുടക്, മാണ്ഡ്യ, മൈസൂരു, ചാമരാജ് നഗർ തുടങ്ങിയ ജില്ലകളിലുള്ളവർക്കും ഇത്തരത്തിൽ ക്ഷയരോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി മുതൽ ജൂൺവരെ കോവിഡ് വന്ന് മാറിയവരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 80 ലക്ഷത്തോളം പേരിലേക്ക് കാമ്പയിൻ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.