ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തെ ശാഹീൻബാഗ് മാതൃകയിലുള്ള സമരമാക്കി മാറ്റാൻ 'തുക്ഡേ-തുക്ഡേ ഗാങ്' ശ്രമിക്കുന്നുവെന്ന് ബി.ജെ.പി ഡൽഹി പ്രസിഡന്‍റ് മനോജ് തിവാരി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേന്ദ്ര സർക്കാറിന് ഏറ്റവും വലിയ തലവേദന സൃഷ്ടിച്ച സമരകേന്ദ്രമായിരുന്നു സൗത്ത് ഡൽഹിയിലെ ശാഹീൻബാഗ്.
രാജ്യത്ത് അക്രമാവസ്ഥ സൃഷ്ടിക്കാനുള്ള കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന സമരമെന്ന് മനോജ് തിവാരി ആരോപിച്ചു. ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും പ്രധാനമന്ത്രിക്കെതിരെ കൊലവിളിയും സമരത്തിൽ ചിലർ ഉയർത്തുന്നത് ഇതിന് തെളിവാണ്.
എൻ.ആർ.സിയെയും സി.എ.എയെയും എതിർത്ത വ്യക്തികളുടെയും സംഘടനകളുടെയും സാന്നിധ്യവും ശാഹീൻബാഗ് സമരക്കാരുടെ സാന്നിധ്യവും വ്യക്തമാക്കുന്നത് കർഷകപ്രക്ഷോഭത്തെ 'തുക്ഡേ-തുക്ഡേ ഗാങ്' ശാഹീൻബാഗ്2.0 ആയി പരീക്ഷിക്കുകയാണെന്നാണ് -തിവാരി ആരോപിച്ചു. ഡൽഹിയിൽ കലാപത്തിന് ഗൂഢാലോചന നടത്തിയവർ രാജ്യവ്യാപക കലാപത്തിന് ശ്രമിക്കുകയാണ്. ഇത്തരക്കാരെ പരാജയപ്പെടുത്തേണ്ടത് ഒാരോരുത്തരുടെയും കടമയാണെന്നും മനോജ് തിവാരി പറഞ്ഞു.
കർഷകരും കേന്ദ്ര സർക്കാറും തമ്മിലുള്ള മൂന്നാംവട്ട ചർച്ച ഇന്ന് നടക്കുകയാണ്. ഡൽഹിയിലേക്കുള്ള പാതകളെല്ലാം ഉപരോധിച്ചാണ് കർഷകർ പ്രക്ഷോഭം എട്ടാംദിവസവും തുടരുന്നത്. പഞ്ചാബ്, ഹരിയാന, യു.പി സംസ്ഥാനങ്ങളിലെ കർഷകർക്ക് പുറമേ ഗുജറാത്തിലെയും രാജസ്ഥാനിലെയും കർഷകർ പ്രക്ഷോഭത്തിൽ അണിചേർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.