ഉത്തരകാശി: സിൽക്യാര തുരങ്ക നിർമാണത്തിന് എത്തിയ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങണോ, അതോ ജോലി തുടരണോ എന്ന ധർമസങ്കടത്തിൽ. തുരങ്കത്തിൽ കുടുങ്ങിയ 41 പേരെ കഴിഞ്ഞ ദിവസമാണ് രക്ഷപ്പെടുത്തിയത്. സുരക്ഷ പരിശോധനക്ക് ശേഷം മാത്രമേ തുരങ്ക നിർമാണം വീണ്ടും തുടങ്ങുകയുള്ളൂവെന്ന് ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി തുരങ്കത്തിന്റെ മുകൾഭാഗത്തുനിന്ന് 45 മീറ്ററും തുരന്നിരുന്നു. ഇതോടെ ജോലി പെട്ടെന്ന് തുടങ്ങാനാകുമോ എന്ന് ഇവർക്ക് ആശങ്കയുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മിക്കവരുടെയും കുടുംബാംഗങ്ങൾ തൽക്കാലം വീട്ടിലേക്ക് വരാനാണ് ആവശ്യപ്പെട്ടത്. ‘തുരങ്കത്തിന്റെ പണി എന്നു തുടങ്ങുമെന്ന് അറിയില്ല, ഞാൻ നാട്ടിലേക്ക് പോകാൻ അവധി അപേക്ഷ നൽകി’ -ബിഹാറിൽനിന്നുള്ള മെഷീൻ ഓപറേറ്റർ പറഞ്ഞു.
ജോലി ഉപേക്ഷിച്ച് വരാനാണ് അമ്മ പറഞ്ഞതെന്നും വളരെ അപകടകരമായ സാഹചര്യത്തിലാണ് പണിയെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടെ തുടരണോ വീട്ടിലേക്ക് പോകണോ എന്ന ആശയക്കുഴപ്പത്തിലാണെന്ന് രണ്ടു വർഷമായി ഇവിടെ ജോലിചെയ്യുന്ന ഒഡിഷയിൽനിന്നുള്ള തൊഴിലാളി പറഞ്ഞു. രണ്ടു ദിവസം അവധിയെടുക്കാനാണ് കരാറുകാരൻ നിർദേശിച്ചതെന്നും എന്നാൽ, അവധി നീട്ടുമെന്നും ഉത്തർപ്രദേശിൽനിന്നുള്ള തൊഴിലാളി പറഞ്ഞു. ജോലി ഒഴിവാക്കില്ലെന്നും അവധി ലഭിച്ചാൽ തൽക്കാലം വീട്ടിൽ പോയിവരുമെന്നും യു.പിയിൽ നിന്നുള്ള മറ്റൊരു തൊഴിലാളി വ്യക്തമാക്കി. യമുനോത്രിക്കും ഗംഗോത്രിക്കും ഇടയിലുള്ള 28 കി.മീറ്റർ ദൂരം നാലര കി.മീറ്ററാക്കി കുറക്കുന്ന ചർധാം പാതയുടെ ഭാഗമായാണ് രണ്ടുവർഷം മുമ്പ് തുരങ്ക നിർമാണം തുടങ്ങിയത്.
ആരോഗ്യ നില തൃപ്തികരം; വീട്ടിലേക്ക് മടങ്ങും
ഋഷികേശ്: സിൽക്യാര തുരങ്കത്തിൽനിന്ന് രക്ഷപ്പെടുത്തിയ 41 തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവർക്ക് വീട്ടിലേക്ക് മടങ്ങാമെന്നും ഋഷികേശ് ‘എയിംസി’ലെ ഡോ. രവികാന്ത് പറഞ്ഞു. തുരങ്കത്തിൽനിന്ന് പുറത്തെത്തിച്ച ശേഷം എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തൊഴിലാളികളെ വിശദമായി പരിശോധിച്ചുവെന്നും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുരങ്കത്തിൽ സ്ഥിരമായി ഭക്ഷണം ലഭ്യമാക്കിയതും മിക്കവരും യുവാക്കളും മധ്യവയസ്കരുമായതും ഗുണംചെയ്തു. രണ്ടാഴ്ചക്കു ശേഷം അടുത്തുള്ള ആശുപത്രിയിൽ പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്. കുറച്ച് ആഴ്ചകൾ ‘എയിംസി’ലെ ഡോക്ടർമാർ ടെലി മെഡിസിനിലൂടെ ഇവരുടെ മാനസിക ആരോഗ്യം നിരീക്ഷിക്കും. തൊഴിലാളികൾ എന്ന് വീട്ടിലേക്ക് പോകുമെന്നതിനെക്കുറിച്ച് അതത് സംസ്ഥാന സർക്കാറുകളാണ് തീരുമാനമെടുക്കേണ്ടതെന്നും ഡോ. രവികാന്ത് പറഞ്ഞു. തൊഴിലാളികളിൽ 15 പേർ ഝാർഖണ്ഡിൽനിന്നുള്ളവരാണ്. ഒഡിഷ അഞ്ച്, ഉത്തർപ്രദേശ് എട്ട്, ബിഹാർ അഞ്ച്, പശ്ചിമ ബംഗാൾ മൂന്ന്, ഉത്തരാഖണ്ഡ്, അസം രണ്ടു വീതം, ഹിമാചൽപ്രദേശ് ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.