ചെന്നൈ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ഡി.എം.കെ വക്താവും മുതിർന്ന നേതാവുമായ കെ.എസ്. രാധാകൃഷ്ണനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ഇദ്ദേഹത്തെ ചുമതലകളിൽനിന്ന് ഒഴിവാക്കിയതായി ഡി.എം.കെ ജനറൽ സെക്രട്ടറിയും ജലവിഭവ മന്ത്രിയുമായ എസ്. ദുരൈമുരുകൻ അറിയിച്ചു. 'മൻമോഹൻ സിങ് 2.0' ആയി തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദിക്കുന്നതായ അടിക്കുറിപ്പോടെ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഫോട്ടോഷോപ് ചെയ്ത ചിത്രം ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. കോൺഗ്രസിൽ മൻമോഹൻ സിങ്ങിന്റെ രണ്ടാം പതിപ്പെന്ന നിലയിലുള്ള പരിഹാസമാണ് ട്വീറ്റിൽ പ്രതിഫലിച്ചത്.
ഇതിനെതിരെ തമിഴ്നാട് കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തമിഴ്നാട്ടിൽ വർഷങ്ങളായി ഡി.എം.കെയും കോൺഗ്രസും സഖ്യത്തിലാണ്. സംഘടനാ ചട്ടങ്ങൾ ലംഘിച്ച് പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചതിനാലാണ് രാധാകൃഷ്ണനെ സസ്പെൻഡ് ചെയ്തതെന്ന് ദുരൈമുരുകൻ പറഞ്ഞു. രാജ്യസഭാംഗത്വം ലഭിക്കാത്തതിനാൽ കെ.എസ്. രാധാകൃഷ്ണൻ അസംതൃപ്തിയിലായിരുന്നു.
പൊതുപ്രവർത്തനരംഗത്ത് മാന്യതയും അച്ചടക്കവും സൂക്ഷിക്കണമെന്ന് ഡി.എം.കെ മന്ത്രിമാരോടും എം.എൽ.എമാരോടും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.