ഡൽഹി: അമിത്ഷായുടെ അകൗണ്ട് ബ്ലോക് ചെയ്തതിനെചൊല്ലി ട്വിറ്റർ പ്രതിനിധിയെ നിർത്തിപ്പൊരിച്ച് പാർലമെന്‍ററി കമ്മിറ്റി. കഴിഞ്ഞ നവംബറിലാണ് ആഭ്യന്തര മന്ത്രി അമിത്ഷായുടെ അകൗണ്ട് ട്വിറ്റർ ബ്ലോക് ചെയ്തത്. കോപ്പിറൈറ്റ് പ്രശ്നം ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ന്യൂസ് മീഡിയ സോഷ്യൽ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുക, ഡിജിറ്റൽ സ്ഥലത്ത് സ്ത്രീ സുരക്ഷ ഉറപ്പവരുത്തുക തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കുന്നതിനാണ് ഇൻഫർമേഷൻ ടെക്നോളജിക്കുവേണ്ടിയുള്ള പാർലമെന്‍റിന്‍റെ സ്ഥിരംസമിതി യോഗം കൂടിയത്.
ശശി തരൂർ എം.പിയാണ് കമ്മിറ്റി ചെയർമാൻ. ട്വിറ്റർ ഫേസ്ബുക്ക് പ്രതിനിധികളെ കമ്മിറ്റി വിളിച്ചുവരുത്തിയിരുന്നു. കമ്മിറ്റിൽ പ്രധാനമായും ചർച്ചയായത് അമിത് ഷായുടെ ട്വിറ്റർ അകൗണ്ട് ബ്ലോക് ചെയ്തതായിരുന്നു. ഷായുടെ ട്വിറ്റർ അക്കൗണ്ട് എന്തുകൊണ്ടാണ് തടഞ്ഞതെന്നും അതിനുള്ള അവകാശം ആരാണ് നൽകിയതെന്നും ട്വിറ്റർ പ്രതിനിധിയോട് കമ്മിറ്റി അംഗങ്ങളിലെ ബി.ജെ.പി പ്രതിനിധികൾ പോദിച്ചു. പോസ്റ്റുചെയ്ത ചിത്രവുമായി ബന്ധപ്പെട്ട് പകർപ്പവകാശ പ്രശ്‌നമുള്ളതിനാൽ താൽക്കാലികമായി അകൗണ്ട് തടയേണ്ടിവന്നുവെന്ന് ട്വിറ്റർ അധികൃതർ വിശദീകരിച്ചു.
വിദ്വേഷ ഭാഷണവും ഉള്ളടക്കവും സംബന്ധിച്ച് അമേരിക്കയിൽ ട്വിറ്റർ അകൗണ്ടുകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും നീക്കം ചെയ്യുകയും ചെയ്തത് വലിയ വിവാദമായിരുന്നു. ഇന്ത്യയിൽ ഇത്തരം നിയമങ്ങളൊന്നും ഇല്ലാത്തപ്പോൾ ഉള്ളടക്കത്തെ എങ്ങനെ നീക്കംചെയ്തുവെന്ന് ബി.ജെ.പി അംഗങ്ങഹ ട്വിറ്റർ പ്രതിനിധിയോട് ചോദിച്ചു. ഉള്ളടക്കത്തെക്കുറിച്ച് ശക്തമായ നിയമങ്ങളുണ്ടെന്നും കണ്ടന്‍റുകൾ അക്രമത്തിന് പ്രേരിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമുള്ളപ്പോൾ നീക്കംചെയ്യുമെന്നും അവർ പറഞ്ഞു. വാട്‌സ്ആപ്പിന്‍റെ പുതിയ സ്വകാര്യതാ നിയമങ്ങളെക്കുറിച്ചും യോഗത്തിൽ ഫേസ്ബുക്ക് പ്രതിനിധി വിശദീകരിച്ചു.
വാഷിംഗ്ടൺ ഡിസിയിലെ ക്യാപിറ്റലിൽ ഉണ്ടായ അക്രമത്തിന്ശേഷം അന്നത്തെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അകൗണ്ട് ട്വിറ്റർ ഈയിടെ സസ്പെൻഡ് ചെയ്തിരുന്നു. സ്വകാര്യതയെക്കുറിച്ചുള്ള ആശങ്ക, ഡാറ്റ ധനസമ്പാദനം, സോഷ്യൽ മീഡിയയിലെ തെറ്റായ വിവരങ്ങൾ എന്നിവ സമിതി ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.