മുംബൈ: 2002 ൽ ഗുജറാത്തിലെ വംശീയ കലാപത്തിനിടെ ബെസ്റ്റ് ബേക്കറിക്ക് തീയിട്ട് 14 പേരെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ മുംബൈ കോടതി വെറുതെവിട്ടു. ആദ്യ വിധിക്കുശേഷം പിടിയിലായി വിചാരണ നേരിട്ട ഹർഷദ് സോളങ്കി, മഫത് ഗോഹിൽ എന്നിവരെയാണ് കോടതി ചൊവ്വാഴ്ച കുറ്റമുക്തരാക്കിയത്. 2004ൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് ബെസ്റ്റ് ബേക്കറി കേസ് ഗുജറാത്തിൽനിന്ന് മുംബൈയിലേക്ക് മാറ്റിയത്.
പ്രധാന സാക്ഷിയും ബേക്കറി ഉടമയുടെ മകളുമായ സാഹിറ ശൈഖ് കൂറുമാറിയതോടെ വഡോദരയിലെ കോടതി മുഴുവൻ പ്രതികളെയും വെറുതെവിട്ടിരുന്നു. വിധിക്കെതിരെ മനുഷ്യാവകാശ സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് മുംബൈ കോടതിയിൽ പുനർവിചാരണക്ക് ഉത്തരവിട്ടത്.
2006 ൽ 12 പേരെ വെറുതെ വിട്ട മുംബൈ കോടതി ഒമ്പതു പേർക്ക് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. പിന്നീട് അപ്പീലിൽ നാലു പേരുടെ ശിക്ഷ ശരിവെച്ച ബോംബെ ഹൈകോടതി അഞ്ചു പേരെ വെറുതെവിട്ടു. വിചാരണ സമയത്ത് ഒളിവിലായിരുന്ന ഹർഷദ് സോളങ്കി, മഫത് ഗോഹിൽ എന്നിവർ 2013 ലാണ് അറസ്റ്റിലായത്. 2019 ൽ ഇവരുടെ വിചാരണ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.