റാഞ്ചി: ജാർഖണ്ഡിലെ ലോഹർദാഗ ജില്ലയിൽ കുഴിബോംബ് സ്‌ഫോടനം. കോബ്രാ ബറ്റാലിയനിലെ രണ്ട് ജവാന്മാർക്ക് ഗുരുതരമായി പരിക്കേറ്റു. കോബ്രാ ജവാന്മാരായ ദിലീപ് കുമാർ, നാരായൺ ദാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ഹെലികോപ്റ്ററിൽ റാഞ്ചിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചതായി എ.എൻ.ഐ ട്വീറ്റ് ചെയ്തു.
''ലോഹർദാഗ- ജാർഖണ്ഡ് പൊലീസിന്റെയും സി.ആർ.പി.എഫിന്റെയും സംയുക്ത സംഘം മാവോയിസ്റ്റ് ക്യാമ്പ് തകർത്തു. ബുൾബുൾ-പെഷ്രാർ മേഖലയിൽ കുഴിബോംബ് സ്‌ഫോടനത്തിൽ കോബ്രാ ബറ്റാലിയനിലെ രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. ഇരുവരെയും ഹെലികോപ്റ്റർ വഴി റാഞ്ചിയിലെത്തിച്ചു. പ്രദേശത്ത് വിപുലമായ ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ടെന്ന് ജാർഖണ്ഡ് പൊലീസ് അറിയിച്ചതായും എ.എൻ.ഐ വ്യക്തമാക്കി.
ബുൾബുൾ-പെഷ്രാർ മേഖലയിൽ സി.ആർ.പി.എഫിൻ്റെ പ്രത്യേക ഓപ്പറേഷൻ യൂണിറ്റായ കോബ്രയുടെയും, ജാർഖണ്ഡ് പൊലീസും സംയുക്തമായി തീവ്രവാദ വിരുദ്ധ പ്രവർത്തനം നടത്തുന്നതിനിടെയാണ് സ്ഫോടനം. കഴിഞ്ഞ കുറച്ച് മാസങ്ങളായി തീവ്രവാദ മേഖലയായ ബുൾബുൾ-പെഷ്രാരിൽ ഭീകര പ്രവർത്തനങ്ങൾ വർധിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ഭയത്തോടെയാണ് ഇവിടെ ജീവിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ജില്ലയിലെ വിമതരെ പിടികൂടാനുള്ള തെരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.