ചെന്നൈ: മധുര ജില്ലയിലെ പാലമേട്ടിലും തിരുച്ചിറപ്പള്ളിയിലെ സൂറിയൂരിലും തിങ്കളാഴ്ച നടന്ന ജെല്ലിക്കെട്ട് മത്സരങ്ങളിൽ കാളകളുടെ കുത്തേറ്റ് രണ്ടുപേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. പാലമേട് ജെല്ലിക്കെട്ടിൽ ഒമ്പത് കാളകളെ പിടിച്ച് മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അരവിന്ദ് രാജനാണ് (27) കാളയുടെ കുത്തേറ്റ് മരിച്ചത്.
കാളയുടെ മുതുകിൽ കയറിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ വയറിന്റെ വലതുഭാഗത്ത് കൊമ്പുകൊണ്ട് കുത്തേൽക്കുകയായിരുന്നു. ഉടൻ മധുര രാജാജി ഗവ. ആശപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതേപോലെ സൂറിയൂരിൽ ചീറിപ്പാഞ്ഞ കാളയുടെ കുത്തേറ്റ് ജെല്ലിക്കെട്ട് കാഴ്ചക്കാരനായ പുതുക്കോട്ട അരവിന്ദാണ് (25) മരിച്ചത്. തിരുച്ചി ഗവ. ആശുപത്രിയിൽവെച്ചാണ് മരണം.
പാലമേട് ജെല്ലിക്കെട്ടിൽ ഒമ്പത് റൗണ്ടുകളിലായി മൊത്തം 860 കാളകളെയും 306 വീരന്മാരെയുമാണ് കളത്തിലിറക്കിയത്. 23 കാളകളെ പിടിച്ച ചിന്നപടി തമിഴരസന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വക കാർ സമ്മാനിച്ചു. 19 കാളകളെ പിടിച്ച മണികണ്ഠനും 15 കാളകളെ പിടിച്ച രാജയും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
സൂറിയൂരിൽ 623 കാളകളാണ് പങ്കെടുത്തത്. 316 കാളപിടിയന്മാരും രംഗത്തിറങ്ങി. 61 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.