ന്യൂഡൽഹി: ബലാത്സംഗക്കേസുകളിൽ കന്യകാത്വ പരിശോധന (ഇരുവിരൽ പരിശോധന) നടത്തുന്നത് നിരോധിച്ച് സുപ്രീംകോടതി. ഇത്തരം പരിശോധനകൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഇന്നും കന്യാ ചർമ പരിശോധന നടക്കുന്നുവെന്നത് ദുഃഖകരമാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢും ഹിമ കോഹ്‍ലിയുമടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ബലാത്സംഗ, ലൈംഗികാതിക്രമ പരാതികളിൽ ഇപ്പോഴും കന്യാചർമപരിശോധന നടത്തുന്നു. ഈ പരിശോധനക്ക് ശാസ്ത്രീയ അടിത്തറയില്ല. അത് സ്ത്രീകളെ വീണ്ടും ഇരയാക്കുകയും വിഷമിപ്പിക്കുകയുമാണെന്ന് കോടതി നിരീക്ഷിച്ചു.
ഇരുവിരൽ പരിശോധന ഒരിക്കലും അനുവദിക്കരുത്. ലൈംഗികമായി സജീവമായ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടില്ലെന്ന തെറ്റായ മുൻധാരണ മൂലമുണ്ടായ നടപടിയാണിതെന്നും ബെഞ്ച് നിരീക്ഷിച്ചു.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുമെന്ന് വിശ്വസിക്കാത്തത് പുരുഷാധിപത്യ മനോഭാവം മൂലമാണ്. ബലാത്സംഗ -ലൈംഗികാതിക്രമ അതിജീവിതകളെ ഇരു വിരൽ പരിശോധനക്ക് വിധേയമാക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇതു സംബന്ധിച്ച നിർദേശം എല്ലാ സർക്കാർ -സ്വകാര്യ ആശുപത്രികൾക്കും നൽകണം. ലൈംഗികാതിക്രമം നേരിടേണ്ടി വന്നവർക്ക് നടത്താവുന്ന പരിശോധനകൾ സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർക്ക് വർക് ഷോപ്പുകൾ സംഘടിപ്പിക്കണം. ബലാത്സംഗക്കേസുകളിൽ ഇരു വിരൽ പരിശോധന നടത്താമെന്ന് മെഡിക്കൽ കോളജുകളിൽ പഠിപ്പിക്കരുത്. കരിക്കുലത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും കോടതി നിർദേശിച്ചു.
ബലാത്സംഗക്കേസിൽ പ്രതിയെ വെറുതെവിട്ട തെലങ്കാന ഹൈകോടതി നടപടിക്കെതിരെ നൽകിയ അപ്പീലിലാണ് സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.