ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച രണ്ടുപേർ മരിച്ചു. ആന്ധ്രപ്രദേശിൽ ആശ പ്രവർത്തകയും തെലങ്കാനയിൽ അംഗൻവാടി ജീവനക്കാരിയുമാണ് മരിച്ചത്. വാക്സിൻ സ്വീകരിച്ചതിന് ശേഷമായിരുന്നു ഇരുവരുടെയും മരണം.
ഞായറാഴ്ച രാവിലെയാണ് 42കാരിയായ ആശ വർക്കർ വിജയലക്ഷ്മി മരിച്ചത്. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. ജനുവരി 19ന് വാക്സിൻ സ്വീകരിച്ചതിന് ശേഷം ഇവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ജനുവരി 21ന് ഗുണ്ടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഇവരുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായി ഡോക്ടർമാർ പറഞ്ഞു.
കൊറോണ വൈറസിനെതിരായ വാക്സിൻ സ്വീകരിച്ചതിനെ തുടർന്നാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ജില്ല കലക്ടർ സാമുവൽ ആനന്ദ് കുനാർ ആശുപത്രിയിൽ ബന്ധുക്കളുമായി സംസാരിച്ചു. വിജയലക്ഷ്മിയുടെ മകന് ജോലി നൽകാമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകാമെന്നും കലക്ടർ വാഗ്ദാനം ചെയ്തു.
തെലങ്കാനയിലെ വാറങ്കലിൽ 45കാരിയായ അംഗൻവാടി ജീവനക്കാരിയാണ് മരിച്ചത്. ജനുവരി 19നാണ് ഇവർ വാക്സിൻ സ്വീകരിച്ചത്. ശനിയാഴ്ച രാത്രി നെഞ്ചുവേദനയെ തുടർന്ന് ഇവർ ചില മരുന്നുകൾ കഴിച്ചശേഷം ഉറങ്ങാൻ കിടന്നു. ഞായറാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ മൃതദേഹം മഹാത്മ ഗാന്ധി മെേമാറിയൽ ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റുമോർട്ടം നടത്തുകയും വിദഗ്ധ പരിശോധനക്കായി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം തെലങ്കാനയിൽ നെഞ്ചുവേദനയെ തുടർന്ന് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.