മുസഫർനഗർ: പശുവിനെ കശാപ്പ് ചെയ്തെന്ന കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ ഒമ്പതുപേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 12, 16 വയസ്സുള്ള പെൺകുട്ടികളെ പ്രായപൂർത്തിയായവരെന്ന് കാണിച്ച് പൊലീസ് കോടതിയിൽ ഹാജരാക്കിയതാണ് ജുവനൈൽ ഹോമിന് പകരം ജയിലിൽ എത്താൻ കാരണം. ഉത്തർപ്രദേശിലെ ഖതൗലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടികളുടെ മാതാപിതാക്കളും അഴിക്കുള്ളിലായി.
പശുവിനെ കശാപ്പ് ചെയ്തെന്ന് പറഞ്ഞ് വെള്ളിയാഴ്ച രാവിലെയാണ് ഒമ്പതുപേരെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് പുറമെ പിതാവ് നാസിമുദ്ദീനും മാതാവും മറ്റു നാലു സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്. വീട്ടിൽനിന്ന് 10 ക്വിൻറൽ മാംസവും കശാപ്പിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തതായും കേസിലുള്ള ബാക്കി നാലുപേർ ഒാടിരക്ഷപ്പെട്ടതായും പൊലീസ് പറയുന്നു. ഒമ്പതുപേരെയും പിന്നീട് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
രണ്ടു പെൺകുട്ടികളും യഥാക്രമം 2001, 2005 വർഷങ്ങളിലാണ് ജനിച്ചത്.ഇവർക്ക് പ്രായപൂർത്തിയായില്ലെന്നത് പൊലീസ് കോടതിയിൽ മറച്ചുവെക്കുകയായിരുന്നു. വിവരമറിഞ്ഞ് പ്രദേശവാസികൾ മുസഫർനഗറിലെ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. സംഭവം അന്വേഷിക്കുമെന്ന് പറഞ്ഞ എസ്.എസ്.പി അജയ് സഹദേവ്, രണ്ടു പെൺകുട്ടികളുടെ കാര്യത്തെക്കുറിച്ച്് പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.