സുരേഷ് പച്ചൗരിക്ക് പിന്നാലെ രണ്ട് കോൺ​ഗ്രസ് മുൻ എം.എൽ.എമാർ കൂടി ബി.ജെ.പിയിലേക്ക്

ഭോപാൽ: മധ്യപ്രദേശിൽ രണ്ട് കോൺ​ഗ്രസ് മുൻ എം.എൽ.എമാർ ബി.ജെ.പിയിലേക്ക്. മുൻ കോൺഗ്രസ് നിയമസഭാംഗങ്ങളായ അരുണോദയ് ചൗബെ, ശിവദയാൽ ബഗ്രി എന്നിവരാണ് ബി.ജെ.പിയിലേക്ക് കൂടുമാറിയത്. സംസ്ഥാനത്തെ ബി.ജെ.പി ആസ്ഥാനത്തെത്തിയായിരുന്നു ഇരുവരുടെയും പാർട്ടി പ്രവേശം. മുഖ്യമന്ത്രി മോഹൻ യാദവ് പാർട്ടി അധ്യക്ഷൻ വി.ഡി ശർമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വരവേൽപ്.

അഞ്ച് പതിറ്റാണ്ട് നീണ്ട കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ച് മുൻ കേന്ദ്ര മന്ത്രി സുരേഷ് പച്ചൗരി ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെയാണിത്. ചൗബെ 2008ൽ സാഗർ ജില്ലയിലെ ഖുറൈ സീറ്റിൽ നിന്ന് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പന്ന ജില്ലയിലെ ​ഗുന്നാർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചായിരുന്നു 2018ൽ ബി​ഗ്രി എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്.

ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ കൈലാഷ് ജോഷിയുടെ മകനും മുൻ എം.എൽ.എയും കോൺ​ഗ്രസ് നേതാവുമായ ദീപക് ജോഷി ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

ഇനിയും പല നേതാക്കളും ബി.ജെ.പിയിലേക്ക് വരുമെന്ന് പാർട്ടിയും കുടംബവും വളരുമെന്നുമായിരുന്നു വിഷയത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വി.ഡി ശർമയുടെ പ്രതികരണം.

ശനിയാഴ്ചയായിരുന്നു മുതിർന്ന കോൺ​ഗ്രസ് നേതാവ് സുരേഷ് പച്ചൗരി ബി.ജെ.പിയിൽ ചേരുന്നത്. മുൻ എം.പി ​ഗജേന്ദ്ര സിങ് രാജുഖേഡി, മുൻ എം.എൽ.എമാരായ സഞ്ജയ് ശുക്ല, അർജുൻ പാണ്ഡ്യ, വിശാൽ പടേൽ എന്നിവരും കോൺ​ഗ്രസ് വിട്ട് ബി.ജെ.പിക്കൊപ്പം ചേർന്നിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുപാ‍ർട്ടികളിൽ നിന്നും കൂടുമാറ്റം തുടരുകയാണ്. നേരത്തെ രാജസ്ഥാനിൽ നിന്നുള്ള ബി.ജെ.പി എം.പി രാഹുൽ കസ്വാൻ കോൺഗ്രസിൽ ചേർന്നിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാർലമെൻറ് അംഗത്വത്തിൽ നിന്നും രാജിവെക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. രാവിലെ ബി.ജെ.പിയിൽ നിന്ന് രാജിവെച്ച അദ്ദേഹം ഉച്ചയോടെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്നു. രാജസ്ഥാനിലെ 25-ൽ 15 സീറ്റുകളിലേക്കും ബി.ജെ.പി ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു രാജി.

Tags:    
News Summary - Two more congress MLA's joined BJP in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.